മാർഗനിർദേശങ്ങളുമായി ദുബൈ പൊലീസ്; ഡ്രൈവിങ്ങിനിടെ പാർട്ടി സ്പ്രേ ഉപയോഗിക്കരുത്
text_fieldsദുബൈ: ഈദുൽ ഇത്തിഹാദ് ആഘോഷ ഭാഗമായി റോഡ് ഉപഭോക്താക്കൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലീസ്. ഡ്രൈവിങ്ങിനിടെ മറ്റു യാത്രക്കാരുടെ മേൽ പാർട്ടി സ്പ്രേ ഉപയോഗിക്കരുത്. ക്രമരഹിതമായി വാഹനങ്ങളുടെ മാർച്ചുകളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നൽകി.
ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ഓപറേഷൻസ് അഫയേഴ്സ് ആക്ടിങ് അസി. കമാൻഡന്റും ഇവന്റ് സെക്യൂരിറ്റി ആക്ടിങ് തലവനുമായ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. വാഹനങ്ങളുടെ മുന്നിലും പിറകിലും നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കണം.
വാഹനങ്ങളുടെ നിറം മാറ്റുന്നതും വിൻഡ് സ്ക്രീനുകൾ ടിന്റ് ചെയ്യുന്നതും നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഈദുൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായുള്ള വാഹനങ്ങൾ ഒഴികെ മറ്റുള്ളവയുടെ മേൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റിക്കറുകളോ ലോഗോകളോ പതിക്കാൻ പാടില്ല. വാഹനങ്ങളുടെ മുൻ ഭാഗവും പിൻഭാഗവും മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങളും പാടില്ല.
കൂടാതെ റോഡിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന അലങ്കാരങ്ങളും ഒഴിവാക്കണം. ആഘോഷത്തോടൊപ്പമുള്ള പരിപാടികളുടെ വിജയത്തിനായി ദുബൈ പൊലീസ് എല്ലാ മനുഷ്യവിഭവശേഷിയും ഉപയോഗിക്കുമെന്ന് അൽ മസ്റൂയി പറഞ്ഞു.
ഉയർന്ന നിലവാരത്തിലുള്ള റോഡ് സുരക്ഷ ഉറപ്പാക്കാൻ പട്രോൾ സംഘങ്ങളെ നിയോഗിക്കും. നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.