ദുബൈ വിമാനത്താവളം തിരക്കിലേക്ക്
text_fieldsദുബൈ: ക്രിസ്മസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ പൂർണ സജ്ജമാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. ദുബൈ എയർപോർട്ടിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ദുബൈ എയർപോർട്ട് ജി.ഡി.ആർ.എഫ്.എ സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശംഖിത്തി, ടെർമിനൽ 3 വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ ജുമാ ബിൻ സുബൈഹ് തുടങ്ങിയവരും അനുഗമിച്ചിരുന്നു.
യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസ്പോർട്ട് ഉദ്യോഗസ്ഥർ കാണിക്കുന്ന ശ്രമങ്ങളെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള പാസ്പോർട്ട് സ്റ്റാമ്പ് പ്ലാറ്റ്ഫോമിൽ കുട്ടികൾക്കൊപ്പം അൽപനേരം അദ്ദേഹം ചെലവഴിക്കുകയും വിശേഷങ്ങളും അനുഭവങ്ങളും ചോദിച്ചറിയുകയും ചെയ്തു.
യാത്രക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ഉയർത്തുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഡയറക്ടറേറ്റ് ചീഫിന്റെ നേതൃത്വത്തിലുള്ള പരിശോധനയെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ഈ മാസം 13 മുതൽ ഡിസംബർ അവസാനം വരെ 52 ലക്ഷത്തിലധികം ആളുകൾ എയർപോർട്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവരുടെ യാത്ര നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വിപുലമായ സൗകര്യങ്ങൾ ഡയറക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അത്യാധുനിക സ്മാർട്ട് സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് കൂടുതൽ സേവന സംതൃപ്തി സമ്മാനിക്കാൻ ഇരിക്കുകയാണ് ജി.ഡി.ആർ.എഫ്.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.