പൊതുഗതാഗതം പുനഃസ്ഥാപിക്കാൻ ദുബൈ ഒരുങ്ങുന്നു
text_fieldsനാഷിഫ് അലിമിയാൻ
ദുബൈ: നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ദുബൈ നഗരം പഴയരീതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പൊതുഗതാഗതവും പഴയരീതിയിലാക്കാൻ തയാറെടുക്കുന്നു. ഫെബ്രുവരിയിൽതന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. കോവിഡിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുഗതാഗത സേവനം 80 ശതമാനം തിരിച്ചുപിടിച്ചതായി പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒയും ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് അംഗവുമായ അഹമദ് ബഹ്റോസിയൻ ചൂണ്ടിക്കാട്ടി. മിന ട്രാൻസ്പോർട്ട് കോൺഗ്രസ് വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ആഴ്ചതോറും സർവിസുകൾ നിരീക്ഷിച്ചുവരുകയാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കോവിഡിന് മുമ്പ് നടത്തിയതു പോലെയുള്ള സർവിസ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി-മാർച്ച് മാസത്തോടെ ഞങ്ങൾക്ക് 2019ലേതിന് സമാനമായ സർവിസ് നടത്താനാവും -ബഹ്റോസിയൻ ചൂണ്ടിക്കാട്ടി. മഹാമാരി കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയെന്നത് ആഗോളതലത്തിൽ മറ്റു നഗരങ്ങൾക്ക് കേട്ടുപരിചയമില്ലാത്ത സംഗതിയാണ്. കാരണം ചുറ്റുമുള്ളവരിൽനിന്ന് ഇപ്പോഴും ആശങ്ക അകന്നിട്ടില്ല, പ്രത്യേകിച്ചും പാശ്ചാത്യ നഗരങ്ങളിലാണ് ഇത്തരം അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധത്തിെൻറയും സുരക്ഷയുടെയും കാര്യത്തിൽ ഒന്നാമതാണ് യു.എ.ഇ. ദേശീയ അണുനശീകരണ യജ്ഞം നടന്ന ഏതാനും ആഴ്ചത്തെ ചലന നിയന്ത്രണങ്ങൾക്കും രാത്രികാല കർഫ്യൂകൾക്കും ശേഷം ദുബൈ ഏപ്രിൽ അവസാന വാരത്തിൽതന്നെ ഉത്തരവാദിത്തത്തോടെ പഴയ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. 2020 ജൂലൈ ഏഴിനാണ് അന്താരാഷ്്ട്ര എയർപോർട്ടുകൾ യാത്രാ വിമാനങ്ങൾക്കായി തുറന്നത്. എങ്കിലും ടൂറിസം മേഖലയിൽ പ്രതീക്ഷിച്ചത്ര വേഗം പ്രകടമല്ലെന്നത് യാഥാർഥ്യമാണ്. വിമാന യാത്ര ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇപ്പോഴും ചലന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുകയാണ്. ഇത് ടാക്സി, ലിമോ സർവിസുകളെ അൽപം ബാധിച്ചിട്ടുണ്ട്.
ദുബൈയിൽ ആളുകൾ വർക്ക് ഫ്രം ഹോം സംവിധാനം തുടരുന്നുണ്ടെങ്കിലും കോവിഡ് വാക്സിൻ എല്ലാവരിലും എത്തുന്നതോടെ ഓഫിസുകളിൽനിന്ന് കൂടുതൽ ജോലി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ടാക്സി സർവിസുകൾ കുതിപ്പിലേക്ക് ഉയരും. ഒപ്പം സർവിസുകളുടെ എണ്ണവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബഹ്റോസിയൻ കൂട്ടിച്ചേർത്തു.
ഹരിത നഗരങ്ങളുടെയും വർധിച്ച സാമൂഹിക-സാമ്പത്തിക ചലനാത്മകതയുടെയും പ്രധാന ഘടകമാണ് പൊതുഗതാഗത സേവനങ്ങൾ. അതുകൊണ്ടുതന്നെ നഗരത്തിെൻറ ജീവനാഡിയായി പൊതുഗതാഗത സംവിധാനം പഴയ രീതിയിൽ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആർ.ടി.എയുടെ വിലയിരുത്തൽ. ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ ദൈനംദിന ശരാശരി 2019ൽ 1.63 ദശലക്ഷമായിരുന്നു. പൊതുഗതാഗത യാത്രക്കാരിൽ നാലിലൊന്നും ബസുകളെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.