ദുബൈ സ്വകാര്യ സ്കൂളുകളിൽ പോളിയോ വാക്സിൻ നൽകാൻ നിർദേശം
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂൾ കുട്ടികൾക്ക് പോളിയോക്കെതിരായ വാക്സിൻ നൽകാൻ ദുബൈ ഹെൽത്ത് അതോറിറ്റി(ഡി.എച്ച്.എ) നിർദേശം. അമേരിക്കയടക്കം ചില രാജ്യങ്ങളിൽ പോളിയോ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വാക്സിനേഷൻ ഡ്രൈവ് ശക്തമാക്കാൻ നിർദേശം.
പോളിയോ വാക്സിനേഷൻ വർധിപ്പിക്കാനും ചില മാർഗനിർദേശങ്ങൾ പാലിക്കാനും എമിറേറ്റിലെ സ്കൂൾ ക്ലിനിക്കുകൾക്ക് അയച്ച നോട്ടീസിൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ സമ്പൂർണമായും പോളിയോ വാക്സിൻ സ്വീകരിച്ചതായി ഉറപ്പുവരുത്താനാണ് ഇതിൽ നിർദേശിച്ചിട്ടുള്ളത്. യു.എ.ഇയിൽ പോളിയോ വാക്സിൻ നാലു ഡോസ് കുത്തിവെപ്പും മൂന്നു ഡോസ് തുള്ളിമരുന്നും അടങ്ങിയതാണ്. ആറു വയസ്സിനിടയിലാണ് ഇത് കുട്ടികൾക്ക് നൽകേണ്ടത്. പുതുതായി സ്കൂളുകളിൽ എത്തിയവരും മറ്റു സ്ഥാപനങ്ങളിൽനിന്ന് ട്രാൻസ്ഫറായി വന്നവരും വാക്സിൻ പൂർത്തീകരിച്ചതാണെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.
ഡി.എച്ച്.എയുടെ കത്ത് ലഭിച്ച ചില സ്കൂളുകൾ പോളിയോ വാക്സിനേഷൻ കാമ്പയിൻ എത്രയും വേഗം ആരംഭിക്കുമെന്ന് അറിയിച്ചു. വേനലവധിക്കുശേഷം എമിറേറ്റിലെ സ്കൂളുകൾ തുറന്നതോടെ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ രക്ഷിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സ്കൂളുകൾ രക്ഷിതാക്കൾക്ക് നൽകിയ അറിയിപ്പിൽ കുട്ടികളെ മാസ്ക് ധരിപ്പിക്കാതിരിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ചുമ, പനി, തൊണ്ടവേദന, ശ്വാസതടസ്സം, വയറിളക്കം, മൂക്കൊലിപ്പ്, ശരീരവേദന, ക്ഷീണം, വയറുവേദന, ചുണങ്ങ് തുടങ്ങിയവ ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടെന്നും പല സ്കൂൾ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.