ദുബൈക്ക് പ്രിയം പൊതുഗതാഗതം
text_fieldsദുബൈ: എമിറേറ്റിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ് പൊതുഗതാഗത സംവിധാനങ്ങളെന്ന് വെളിപ്പെടുത്തി കണക്കുകൾ. ഓരോ വർഷവും പിന്നിടുമ്പോൾ വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതായാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം ജൂൺ വരെയുള്ള ആറു മാസങ്ങളിൽ 33.7 കോടി യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തതായി അധികൃതർ വെളിപ്പെടുത്തി.
ദുബൈ മെട്രോ, ദുബൈ ട്രാം, ബസുകൾ, സ്മാർട് കാറുകൾ, ബസ് ഓൺ ഡിമാൻഡ്, ടാക്സികൾ, സമുദ്ര ഗതാഗത സംവിധാനങ്ങളായ അബ്രകൾ, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവ ഉപയോഗപ്പെടുത്തിയവരുടെ ആകെ എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് യാത്രികരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2022 ജൂൺ വരെ ആറുമാസം 30.4 കോടി യാത്രക്കാരാണ് ഈ സംവിധാനങ്ങൾ ഉപയോഗിച്ചത്. നിലവിൽ ദിവസവും ശരാശരി 18.6 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷമിത് 16.8 ലക്ഷം മാത്രമായിരുന്നു. ദുബൈ മെട്രോയും ടാക്സിയുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നത്.
ആകെ യാത്രക്കാരിൽ 36.5 ശതമാനം പേരും മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതാണ്. 29 ശതമാനം യാത്രക്കാർ ദുബൈ ടാക്സി ഉപയോഗിച്ചവരുമാണ്. 24.5 ശതമാനം ആളുകളാണ് ബസ് യാത്രക്കാർ. ആറുമാസ കാലയളവിലെ ഏറ്റവും തിരക്കേറിയ മാസം മാർച്ചാണ്. ആറു കോടി പേരാണ് മാർച്ചിൽ മാത്രം പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്.
ദുബൈയിലെ സാമ്പത്തിക മേഖലയുടെ ഉണർവാണ് വർധിച്ച യാത്രക്കാരുടെ എണ്ണം വ്യക്തമാക്കുന്നതെന്ന് ആർ.ടി.എ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ അൽ തായർ പറഞ്ഞു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ആർ.ടി.എ നടപ്പാക്കിയ പദ്ധതികൾ വിജയകരമായതും കണക്കുകൾ വ്യക്തമാക്കുന്ന വസ്തുതയാണ്. സംയോജിത ഗതാഗത സംവിധാനങ്ങൾ എമിറേറ്റിലെ സഞ്ചാരത്തിന്‍റെ നട്ടെല്ലായി തീർന്നിരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോയിൽ 12.34 കോടി യാത്രക്കാർ
ദുബൈയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ദുബൈ മെട്രോ സർവിസ് വഴി ആറു മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണം 12.34 കോടിയാണ്. റെഡ്, ഗ്രീൻ ലൈനുകളിൽ സഞ്ചരിച്ച ആകെ യാത്രക്കാരുടെ എണ്ണമാണിത്. ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോയത് ബുർജുമാൻ, യൂനിയൻ സ്റ്റേഷനുകൾ വഴിയാണ്. ബുർജുമാൻ 72.5 ലക്ഷവും യൂനിയൻ 54 ലക്ഷം യാത്രക്കാരുമാണ് ഉപയോഗപ്പെടുത്തിയത്.
റെഡ് ലൈനിൽ എറ്റവും തിരക്കേറിയ സ്റ്റേഷൻ അർ റിഗ്ഗയാണ്. മാൾ ഓഫ് എമിറേറ്റ്സ്, ബുർജ് ഖലീഫ/ദുബൈ മാൾ സ്റ്റേഷനുകളാണ് പിന്നാലെയുള്ളത്. ഗ്രീൻ ലൈനിൽ ശറഫ് ഡി.ജി സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോയത്. ബനിയാസ്, സ്റ്റേഡിയം സ്റ്റേഷനുകളാണ് പിന്നാലെയുള്ളത്.
ദുബൈ ട്രാം വഴി ആറുമാസത്തിൽ കടന്നുപോയ യാത്രക്കാരുടെ എണ്ണം 42 ലക്ഷമാണ്. 8.3 കോടി യാത്രക്കാരാണ് ബസുകൾ ഉപയോഗപ്പെടുത്തിയത്. സമുദ്ര ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തിയത് 91 ലക്ഷം പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.