ദുബൈ പൊതുഗതാഗതം 2050ഓടെ 'കാർബൺ പുറന്തള്ളൽ' രഹിതമാക്കും
text_fieldsദുബൈ: പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച് 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബൈ.
എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇലക്ട്രോണിക്, ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ച് പരിസ്ഥിതിക്ക് അനുകൂലമായ സംവിധാനത്തിലേക്ക് പൂർണമായി മാറുന്ന പദ്ധതിക്ക് നേതൃത്വം നൽകുക. ആർ.ടി.എയുടെ ബസുകൾ, സ്കൂൾ വാഹനങ്ങൾ, ടാക്സികൾ, ലിമോസിൻസ് എല്ലാം പദ്ധതിയിലൂടെ ഇലക്ട്രോണിക്, ഹൈഡ്രജൻ സംവിധാനത്തിലാകും.
കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറക്കുന്നതിനുമുള്ള സംയോജിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാലിന്യങ്ങളുടെ പുനരുപയോഗസാധ്യത ഉപയോഗപ്പെടുത്തുകയും കെട്ടിടങ്ങളിലും മറ്റു സൗകര്യങ്ങളിലും ശുദ്ധമായ ഊർജത്തിന്‍റെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യും.
സീറോ എമിഷൻ പൊതുഗതാഗത സംവിധാനം ഏകദേശം 80 ലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് തടയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 13.2 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. 300 കോടി ദിർഹമിന്‍റെ സാമ്പത്തിക ലാഭം ഇതുണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു.
ബുധനാഴ്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ഭാവിക്കുവേണ്ടി നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ സുസ്ഥിരതയുടെ മേഖലയിൽ മാതൃകയാകാനാണ് എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. എക്‌സ്‌പോ സിറ്റി ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി (കോപ -28)ലേക്ക് ലോകത്തെ സ്വാഗതംചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.