മഴക്ക് ശമനം: ശുചീകരണം പൂർത്തിയായി
text_fieldsദുബൈ: അപ്രതീക്ഷിതമായി ദുബൈയിലും ഷാർജയിലും പെയ്ത മഴക്ക് ശമനമായെങ്കിലും പലയിടങ്ങളിലുമുണ്ടായത് വ്യാപക നാശനഷ്ടങ്ങൾ
കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയതോടൊപ്പം വ്യാപാരികൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
സഹായം അഭ്യർഥിച്ച് നൂറിലധികം കാളുകളാണ് ശനിയാഴ്ച ദുബൈ മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഇതിൽ 69 കാളുകൾ ദുബൈയിലെ പരിസര പ്രദേശങ്ങളിൽ കടപുഴകിയ മരങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിച്ചുള്ളതായിരുന്നു. 16 കാളുകൾ ദുബൈയിലെ പ്രധാന റോഡുകളിൽനിന്ന് മരങ്ങൾ നീക്കാൻ ആവശ്യപ്പെട്ടായിരുന്നു. വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനായിരുന്നു 18 കാളുകൾ. ഞായറാഴ്ച മഴക്ക് ശമനമായതോടെ വിവിധയിടങ്ങളിൽ കടപുഴകിയ മരങ്ങൾ ഷാർജ മുനിസിപ്പാലിറ്റിയും ദുബൈ മുനിസിപ്പാലിറ്റിയും ചേർന്ന് നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, അപ്രതീക്ഷിതമായി പെയ്ത മഴയിൽ ദുബൈയിലേയും ഷാർജയിലേയും തുണിത്തരങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന സ്ഥാനപങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ചില ഷോപ്പുകളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ പാറിപ്പോയി. ദേരയിലെ ചില റോഡുകളിൽ വെള്ളക്കെട്ടുകൾക്കും മഴ കാരണമായി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേകസേനയെ ദുബൈ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. റാസല്‍ഖൈമയിലെ ദക്ഷിണ ഭാഗത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്ന് റാക് പൊലീസ് മുന്നറിയിപ്പ് നല്കി. ഷൗക്ക ഡാമില്‍ നിന്ന് സമീപ വാദികളിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.