കീം: ദുബൈയിൽ പരീക്ഷയെഴുതുന്നത് 411 കുട്ടികൾ
text_fieldsദുബൈ: കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷക്ക് (കീം) യു.എ.ഇയിൽ ഒരുക്കം പൂർത്തിയായി. ഗൾഫിലെ ഏക പരീക്ഷകേന്ദ്രം ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ്. 440 പേരാണ് ദുബൈയിലെ കേന്ദ്രത്തിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 29 പേർ നാട്ടിലേക്ക് കേന്ദ്രം മാറാൻ ആവശ്യപ്പെട്ടതിനാൽ 411 പേരാകും ദുബൈയിൽ പരീക്ഷയെഴുതുക. ഓരോ ക്ലാസ് മുറിയിലും 20 കുട്ടികളെ അനുവദിക്കും.
വിവിധ ഗൾഫ് രാജ്യങ്ങളിലുള്ളവർ ഇതിൽ ഉൾപ്പെടും. രാവിലെ 8.30 മുതൽ 11 വരെ ഫിസിക്സും കെമിസ്ട്രിയും ഉച്ചക്ക് ഒന്നു മുതൽ 3.30 വരെ മാത്തമാറ്റിക്സുമാണ് പരീക്ഷ. കുട്ടികൾ രാവിലെ ഏഴിന് പരീക്ഷകേന്ദ്രത്തിലെത്തണം. രക്ഷിതാക്കൾക്ക് സ്കൂൾ പരിസരത്തേക്ക് പ്രവേശനമുണ്ടാവില്ല. പരീക്ഷ അവസാനിക്കുന്നതിന് 15 മിനിറ്റ് മുമ്പ് രക്ഷിതാക്കൾക്ക് സ്കൂളിലെത്തി കുട്ടികളെ കൊണ്ടുപോകാം. അഡ്മിറ്റ് കാർഡില്ലാതെ വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഹാൾടിക്കറ്റ്, പരീക്ഷ എഴുതാനുള്ള ഉപകരണങ്ങൾ, ഉൾഭാഗം കാണാവുന്ന രീതിയിലുള്ള വാട്ടർ ബോട്ടിൽ എന്നിവ മാത്രമേ അനുവദിക്കൂ. ഇടവേള സമയത്ത് സ്കൂൾ പരിസരം വിട്ടുപോകാൻ കുട്ടികളെ അനുവദിക്കില്ല. ആവശ്യമായ വെള്ളവും ഭക്ഷണവും കരുതണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷവും ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലായിരുന്നു പരീക്ഷ. വിവിധ എമിറേറ്റിലെ വിദ്യാർഥികൾ ഇവിടെയെത്തി പരീക്ഷയെഴുതും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി നേരത്തേയാണ് പരീക്ഷ. അതിനാൽ, മറ്റ് എമിറേറ്റിലുള്ളവർക്ക് പുലർച്ചെതന്നെ പരീക്ഷകേന്ദ്രത്തിലേക്ക് പുറപ്പെടേണ്ടിവരും. പരീക്ഷക്കു മുന്നോടിയായി കീം എൻട്രൻസ് കമീഷണർ നിംസ് സ്കൂളിലെത്തി പരിശോധന നടത്തി. അധ്യാപകർക്കും ജീവനക്കാർക്കുമായി പരിശീലന ക്ലാസും നടത്തി. പരീക്ഷക്ക് മേൽനോട്ടം വഹിക്കാൻ ആറ് ഉദ്യോഗസ്ഥർ കേരളത്തിൽനിന്ന് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.