പ്രവചനങ്ങൾക്കപ്പുറം കരുത്താർജിച്ച് ദുബൈ
text_fieldsദുബൈ: പ്രവചനങ്ങൾക്കപ്പുറം വിവിധ സാമ്പത്തിക മേഖലകളിൽ അനുദിനം കരുത്താർജിച്ച് ദുബൈ. 2023ലെ വിവിധ രംഗങ്ങളിലെ പ്രകടനറിപ്പോർട്ട് പുറത്തുവിട്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ആദ്യ ആറു മാസങ്ങളിൽ മാത്രം നഗരം 85 ലക്ഷം അന്താരാഷ്ട്ര യാത്രികരെ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എമിറേറ്റിന്റെ ഓഹരി വിപണിയായ ദുബൈ ഫിനാൽഷ്യൽ മാർക്കറ്റ് 14 ശതമാനം ഈ കാലയളവിൽ വളർന്നതായും ആകെ മൂല്യത്തിൽ 1700 കോടി ദിർഹമിന്റെ മൂല്യം നേടിയതായും വ്യക്തമാക്കിയിട്ടുണ്ട്. ആകെ ഇടപാടുകളുടെ മൂല്യം 28,500 കോടി ദിർഹമാവുകയും ചെയ്തു. എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയുടെ സംഗ്രഹമാണ് ശൈഖ് ഹംദാൻ പുറത്തുവിട്ടത്.
പ്രവചനങ്ങൾ മറികടന്ന നേട്ടമാണ് ദുബൈ കൈവരിച്ചതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, വരാനിരിക്കുന്ന മാസങ്ങളിലും റെക്കോഡ് നേട്ടം കൈവരിക്കാനാവുമെന്ന പ്രതീക്ഷ ബലപ്പെട്ടതായി പറഞ്ഞു. 2024ൽ കൂടുതൽ മികച്ച തുടക്കത്തിനായാണ് ഉറ്റുനോക്കുന്നത്. ദുബൈയുടെ ഡി 33 എന്ന സാമ്പത്തിക അജണ്ട വിജയിപ്പിക്കുന്നതിന് ബിസിനസ് സാഹചര്യവും സാമ്പത്തിക വികാസവും ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് -അദ്ദേഹം വെളിപ്പെടുത്തി. ആസ്തി ഉടമകളുടെ ലോകത്തെ മൂന്ന് പ്രധാന ഹബ്ബുകളിൽ ഒന്ന് ദുബൈയാണ്. അതോടൊപ്പം കോവിഡിന്റെ പ്രത്യാഘാതങ്ങളെ അതിവേഗം അതിജീവിക്കുന്ന നഗരങ്ങളിലൊന്നുമാണ്. ഈ വർഷം ഇതുവരെ നേടാനായതിൽ ഞങ്ങൾ സംതൃപ്തരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ എണ്ണയിതര വ്യാപാര മേഖലയിൽ, പ്രധാനമായും നിർമാണം, മൊത്തവ്യാപാരം, ചെറുകിട വ്യാപാരം, യാത്ര, വിനോദസഞ്ചാരം എന്നീ രംഗങ്ങളിലാണ് ദുബൈ മികച്ച പ്രകടനം കാണിക്കുന്നത്. ദുബൈയുടെ സാമ്പത്തികരംഗം 2022ലെ ആദ്യ ഒമ്പതു മാസങ്ങളിൽ 4.6 ശതമാനം എന്ന നിലയിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ ഘട്ടത്തിൽ മൊത്ത വ്യാപാരവും ചെറുകിട വ്യാപാരവുമാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.1 ശതമാനം നേടിയെടുത്തത്. യാത്രാ മേഖലയിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2023ലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പത്തെ നിലയിലേക്ക് 95.6 ശതമാനം എത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്നു മാസത്തിൽ മാത്രം 2.12 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ഇത് 2022നെ അപേക്ഷിച്ച് 55.8 ശതമാനം വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.