ദുബൈ റൈഡ്; സൈക്കിൾ ട്രാക്കായി രാജപാത
text_fieldsദുബൈ: ദുബൈ ശൈഖ് സായിദ് റോഡിന് ഞായറാഴ്ച മറ്റൊരു മുഖമായിരുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ ചീറിപ്പായുന്ന രാജപാതയിലൂടെ സൈക്കിളുകൾ പരന്നൊഴുകിയപ്പോൾ ദുബൈ നഗരം വലിയൊരു സൈക്കിൾ ട്രാക്കായി മാറി. സൂര്യനുദിക്കുംമുമ്പേ റൈഡർമാർ തെരുവ് കൈയടക്കിയ പുലരിയിൽ ശൈഖ് സായിദ് റോഡിലിറങ്ങിയത് 34,897 സൈക്കിളുകൾ. 33,000 പേർ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ റെക്കോഡ് തിരുത്തിയെഴുതിയാണ് ദുബൈ റൈഡിന്റെ മൂന്നാം എഡിഷൻ ഓടിത്തീർത്തത്.
പുലർച്ച 5.30നാണ് റൈഡ് തുടങ്ങിയതെങ്കിലും മൂന്നു മണി മുതൽ സൈക്കിളുകൾ പ്രവഹിച്ചുകൊണ്ടേയിരുന്നു. കൊക്കക്കോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സെന്റർ എന്നിവിടങ്ങളിലൂടെ സൈക്കിളുകൾ 'ട്രാക്കിലേക്ക്' പ്രവേശിച്ചു. ദുബൈ ആർ.ടി.എയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷയും മികച്ച ക്രമീകരണവും ഒരുക്കി. കേരളത്തിലെ റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സിന്റെ 20 പേർ വളന്റിയർമാരുടെ റോളിൽ സംഘാടനത്തിന്റെ ഭാഗമായി. ആർ.ടി.എയുടെ നേതൃത്വത്തിൽ സംഗീത പരിപാടികളും റോഡരികിൽ അരങ്ങേറി. ഒന്നിലേറെ തവണ റൈഡ് നടത്തിയവരുമുണ്ട്.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയായിരുന്നു യാത്ര. മൂന്നു വയസ്സുകാരൻ മുതൽ പ്രായമായവർ വരെ സൈക്കിളുമായി റോഡിലിറങ്ങി. കുടുംബങ്ങൾക്കും അല്ലാത്തവർക്കും രണ്ട് റൂട്ട് ഏർപ്പെടുത്തിയിരുന്നു. കുടുംബങ്ങൾക്കുള്ള റൂട്ട് നാല് കിലോമീറ്ററും മറ്റുള്ളവരുടേത് 12 കിലോമീറ്ററുമായിരുന്നു. എന്നാൽ, കുട്ടികൾപോലും 12 കിലോമീറ്റർ ട്രാക്കിലിറങ്ങി. 34,000ത്തിലേറെ സൈക്കിളുകൾ ഒരേ താളത്തിൽ കുതിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. വിവിധ സ്ഥലങ്ങളിൽ വിശ്രമിക്കാൻ സൗകര്യമുണ്ടായിരുന്നു. ദുബൈ കനാൽ, മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്നിവയുടെ മുന്നിലായിരുന്നു ചിത്രം പകർത്താൻ തിരക്ക് കൂടുതൽ. 7.30ന് റൈഡ് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ചിത്രം പകർത്തലും വിശ്രമവും എല്ലാം കഴിഞ്ഞ് റൈഡർമാരിൽ പലരും 7.30ന് റോഡ് കാലിയാക്കിയില്ല. എട്ടു മണിയോടെയാണ് റൈഡർമാരെ പൂർണമായും ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
അതുവരെ ശൈഖ് സായിദ് റോഡിലൂടെ പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടിരുന്നു. ദുബൈ മെട്രോ പുലർച്ച 3.30 മുതൽ ഓടിത്തുടങ്ങി. ഇതോടെ, മെട്രോയിലും സൈക്ലിസ്റ്റുകളുടെ മേളമായിരുന്നു. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് റൈഡ് സംഘടിപ്പിച്ചത്. ദുബൈ റണ്ണും ഈ മാസം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.