ദുബൈ റൈഡ് ഞായറാഴ്ച്ച ശൈഖ് സായിദ് റോഡിൽ
text_fieldsദുബൈ: 130 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് ഞായറാഴ്ച സൈക്കിളുകൾ കീഴടക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൈഡ് ഞായറാഴ്ച പുലർച്ച നടക്കും. അഞ്ചുമണി മുതൽ റൂട്ടുകൾ തുറക്കും. 6.30 മുതൽ 7.30 വരെയാണ് റൈഡ്. ഫാമിലി, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റൈഡ് നടക്കുന്നത്.
ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമാണ്. കഴിഞ്ഞ വർഷം 33000 പേർ പങ്കെടുത്ത ദുബൈ റൈഡ് ഇക്കുറി റെക്കോഡ് തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ചും ദുബൈ റൈഡും നടക്കുന്നത്. മൂന്നുവർഷം മുമ്പ് നടന്ന ആദ്യ റൈഡിന് സൈക്കിളുമായെത്തിയ ശൈഖ് ഹംദാൻ ഇത്തവണയും എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് സൈക്കിൾ പ്രേമികൾ.
ദുബൈ റൈഡ് നടക്കുന്നതിനാൽ പുലർച്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാവും. അപൂർവമായി മാത്രമാണ് ശൈഖ് സായിദ് റോഡിൽ വാഹനങ്ങളെ ഒഴിവാക്കുന്നത്. അഞ്ച് ഗേറ്റുകൾ വഴിയാണ് റൈഡർമാരെ പ്രവേശിപ്പിക്കുന്നത്. 12 കിലോമീറ്റർ ശൈഖ് സായിദ് റോഡ് റൂട്ട്, നാല് കിലോമീറ്റർ ഡൗൺ ടൗൺ റൂട്ട് എന്നിവയാണ് റൂട്ടുകൾ.
12 കിലോമീറ്റർ റൂട്ടിൽ റൈഡിങ്ങിനെത്തുന്നവർ കൊക്കകോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സെന്റർ എന്നിവിടങ്ങളിലൂടെയാണ് പ്രവേശിക്കേണ്ടത്. രജിസ്റ്റർ ചെയ്തപ്പോൾ ഏത് ഗേറ്റാണോ നൽകിയത് അതിലൂടെ വേണം പ്രവേശിക്കാൻ. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയാണ് യാത്ര. ഡൗൺ ടൗണിന് മുന്നിലൂടെയാണ് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള നാല് കിലോമീറ്റർ പാത. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദിലൂടെയാണ് ഈ യാത്ര. കയറ്റിറക്കങ്ങൾ ഇല്ലാത്തതിനാൽ കുട്ടികൾക്കും അനായാസം സൈക്കിൾ ചവിട്ടാം. രജിസ്റ്റർ ചെയ്തവരുടെ ബിബുകൾ നേരത്തെതന്നെ വിതരണം ചെയ്തിരുന്നു. റൈഡർമാർ ഇതും കരുതണം.
പാർക്കിങ്
ഗേറ്റ് 'എ'യിൽ എത്തുന്നവരുടെ വാഹനങ്ങൾ വേൾഡ് ട്രേഡ് സെന്ററിൽ പാർക്ക് ചെയ്യണം. അൽ സത്വയിലെ ഗേറ്റ് ബിയിലും കൊക്കകോള അരീനയിലെ ഗേറ്റ് സിയിലും ബിസിനസ് ബേയിലെ ഗേറ്റ് ഡിയിലും എത്തുന്നവർ ആർ.ടി.എയുടെ പാർക്കിങ്ങുകൾ ഉപയോഗിക്കണം. ഞായറാഴ്ചയായതിനാൽ ആർ.ടി.എ പാർക്കിങ് സൗജന്യമായിരിക്കും. ലോവർ ഫിനാൻഷ്യൽ സെന്ററിലെ ഗേറ്റ് ഇയിൽ എത്തുന്നവർ ദുബൈ മാളിലെ സബീൽ പാർക്കിങ്ങാണ് ഉപയോഗിക്കേണ്ടത്. ദുബൈ മാളിലെ ഗേറ്റ് എഫിൽ എത്തുന്നവർ ദുബൈ മാൾ സിനിമ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
സൈക്കിളുകൾ സൗജന്യമായി ഉപയോഗിക്കാം
സൈക്കിളില്ലാത്തതിന്റെ പേരിൽ ദുബൈ റൈഡിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സങ്കടപ്പെടേണ്ട. ആർ.ടി.എ വാടകക്ക് നൽകുന്ന സൈക്കിളുകൾ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത സേവന ദാതാക്കളായ 'കരീം' ബൈക്കുമായി ചേർന്നാണ് ആർ.ടി.എ സൗകര്യമൊരുക്കിയിരിക്കുന്നത്. കരീം ബൈക്കിന്റെ ദുബൈയിലെ 175 സ്റ്റേഷനുകളിൽ എവിടെനിന്ന് വേണമെങ്കിലും സൈക്കിൾ എടുക്കാം. എം.ഒ.ടി.എഫ് ട്രേഡ് സെന്ററിന്റെ എൻട്രൻസ് 'എ'യിലെത്തിയാലും സൈക്കിൾ ലഭിക്കും. ഫിനാൻഷ്യൽ സെന്റർ റോഡിലെ ലോവർ എഫ്.സി.എസിന്റെ എൻട്രൻസ് 'ഇ'യിലും സൈക്കിളുണ്ട്. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും സൈക്കിളുകൾ നൽകുക. കാർഡ് വിവരങ്ങൾ നൽകണമെങ്കിലും പണം ഈടാക്കില്ല. റൈഡ് കഴിഞ്ഞ് സൈക്കിൾ തിരിച്ചേൽപിക്കണം. റൈഡ് കഴിഞ്ഞും അധിക സമയമെടുത്താൽ പണം നൽകേണ്ടിവരും. ഹെൽമറ്റ് കൊണ്ടുവരണം.
റൈഡ് നടക്കുന്നതിന് സമീപത്തും സൈക്കിളുകൾ ലഭിക്കുന്ന സ്റ്റേഷനുകളുണ്ട്. കൊക്കകോള അരീന എൻട്രൻസ് (സി), ബുർജ് ഖലീഫ-ദുബൈ മാൾ മെട്രോ സ്റ്റേഷൻ, സിറ്റി വാക് ബിൽഡിങ് 21-എ, ബിസിനസ് ബേ എൻട്രൻസ് (ഡി), ബിസിനസ് ബേ മെട്രോ സ്റ്റേഷൻ, എ.ഡി.സി.ബി ബിസിനസ് ബേ, ഇമാർ സ്ക്വയർ സ്റ്റേഷൻ, ദുബൈ മാൾ ബൂലേവാദ് പോയന്റ് സ്റ്റേഷൻ, അഡ്രസ് ഫൗണ്ടെയ്ൻ വ്യൂസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും സൈക്കിളുകൾ ലഭിക്കും. റൈഡിൽ പങ്കെടുക്കുന്നവർക്ക് കരീം ബൈക്ക് സബ്സ്ക്രിപ്ഷന് ഒരുമാസം 35 ശതമാനം ഇളവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.