ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അന്തരിച്ചു; 10 ദിവസം ദുഃഖാചരണം
text_fieldsദുബൈ: ദുബൈ പൊലീസിന്‍റെയും പബ്ലിക് സർവീസിന്‍റെയും ഡെപ്യൂട്ടി ചെയർമാനും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്‍റുമായിരുന്ന ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അന്തരിച്ചു. 76 വയസ്സായിരുന്നു. ദുബൈ രാജകുടുംബാംഗമായ അദ്ദേഹം, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സഹോദരനാണ്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ് അഹമ്മദിന്‍റെ വിയോഗം. എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
മുൻ ഉപരാഷ്ട്രപതിയും ദുബൈ മുൻ ഭരണാധികാരിയുമായിരുന്ന പരേതനായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ നാലാമത്തെയും ഇളയതുമായ മകനാണ് ശൈഖ് അഹമ്മദ്. യു.കെയിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്സ്റ്റിൽനിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, ദുബൈയുടെ സെൻട്രൽ മിലിട്ടറി റീജ്യനിൽ ചേർന്നു. പിന്നീട് അതിന്‍റെ കമാൻഡർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഈ മിലിട്ടറി റീജ്യൻ യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളിലൊന്നായി വളർന്നത്.
കായിക രംഗത്തും, പ്രത്യേകിച്ച് അൽ വസൽ സ്പോർട്സ് ക്ലബിന്‍റെ വളർച്ചയിൽ ശൈഖ് അഹമ്മദ് നിർണായക പങ്കുവഹിച്ചു. ആറു പതിറ്റാണ്ടോളം ക്ലബുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം 1962ൽ അതിന്‍റെ ആദ്യ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ മുകൈയെടുക്കുകയും 1974 വരെ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് പ്രസിഡന്‍റായി തുടർന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് അൽ വസൽ യു.എ.ഇയിലെ പ്രമുഖ ക്ലബുകളിലൊന്നായി മാറിയത്.
യു.എ.ഇയിലെ കുതിരപ്പന്തയ മേഖലയുടെ വികസനത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഹോഴ്‌സ് റേസിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ജബൽ അലി റേസ്‌കോഴ്‌സ് സ്ഥാപിച്ച അദ്ദേഹം, ‘അൽ അദിയാത്ത്’, ദുബൈ ഹോഴ്‌സ് റേസിങ് സെന്‍റർ എന്നിവക്കും തുടക്കമിട്ടു. കൂടാതെ റേസിങ് നിയമങ്ങളും ഹാൻഡ്‌ക്യാപ്പിങ് സിസ്റ്റവും വികസിപ്പിക്കുന്നതിൽ അദ്ദേഹവും അദ്ദേഹത്തിന്‍റെ ടീമും സജീവമായി പ്രവർത്തിച്ചു.
കടൽത്തീര കായിക വിനോദങ്ങളുടെ പുരോഗതിക്കും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. 1988ൽ ദുബൈ ഇന്‍റർനാഷനൽ മറൈൻ ക്ലബ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതിന്‍റെ ആദ്യ ചെയർമാനായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നും ‘യൂനിയൻ ഇന്‍റർനാഷനൽ മോട്ടോനോട്ടിക്’ അംഗത്വം നേടുന്ന ആദ്യ ക്ലബ്ബായി ഇത് മാറി. 1989ൽ പ്രശസ്തമായ വിക്ടറി ടീം രൂപീകരിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.
സഹോദരന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, പരേതന് നിത്യശാന്തിക്കായി പ്രാർഥിച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. ശൈഖ് അഹമ്മദിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ച യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, രാജ്യ രൂപീകരണ കാലം മുതൽ അദ്ദേഹം നൽകിയ സംഭാവനകൾ യു.എ.ഇയുടെ പുരോഗതിക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് ഓർമിപ്പിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അദ്ദേഹത്തിന് അനുശോചനം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

