പുതിയ രണ്ട് റൂട്ടുകളിൽ ബസ് സർവിസുമായി ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത വകുപ്പ് (ആർ.ടി.എ) ഈ മാസം 26 മുതൽ പുതിയ രണ്ട് റൂട്ടുകളിൽ ബസ് സർവിസുകൾ ആരംഭിക്കുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.നഗരത്തിലെ ബസ് ഗതാഗത നെറ്റ്വർക് ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നത് ലക്ഷ്യംവെച്ചാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. ഇതേദിവസം മുതൽ 25 റൂട്ടുകളിലെ ബസ് സർവിസുകൾ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.പുതുതായി തുടങ്ങുന്ന റൂട്ട് 68 ലഹ്ബാബ് ഫസ്റ്റ് പാർക്കിൽനിന്ന് ആരംഭിച്ച് മർഗാം, അൽ ലിസൈലി, സൈഹ് അൽ സലാം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതാണ്. സർക്കുലർ സർവിസായ ഈ റൂട്ടിലെ ബസ് ലഹ്ബാബ് ഫസ്റ്റ് പാർക്കിൽ തന്നെയാണ് തിരിച്ചെത്തുക. ദുബൈ നഗരപ്രാന്തങ്ങളിലേക്കും ഗ്രാമീണ പ്രദേശങ്ങളിലേക്കും ഗതാഗതം സൗകര്യപ്രദമാക്കാൻ സേവനം ഉപയോഗപ്പെടുത്തും.
മറ്റൊരു പുതിയ സർവിസായ റൂട്ട് എഫ് 62 എന്നത് മെട്രോയുമായി ബന്ധിപ്പിക്കുന്ന ബസ് സർവിസാണ്. നാദൽ ഹമറിൽനിന്ന് ആരംഭിച്ച് ദുബൈ ഫെസ്റ്റിവൽ സിറ്റി വഴി എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലാണിത് അവസാനിക്കുക.ദുബൈ നഗരത്തിൽ പുതിയ നാല് റൂട്ടുകളിൽ ബസ് സർവിസ് അധികൃതർ കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. റൂട്ട് 18, 19, എഫ് 29, ഡി.ഡബ്ല്യു.സി വൺ എന്നിവയാണ് കഴിഞ്ഞ മാസം ആരംഭിച്ച പുതിയ റൂട്ടുകൾ.
നിരന്തരം പുതിയ റൂട്ടുകളിൽ ബസുകൾ ഏർപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങൾ ഏറ്റവും മെച്ചപ്പെട്ടതാക്കാനാണ് അധികൃതർ ആഗ്രഹിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണവും പഠനവും നടക്കുന്നുണ്ട്.മെട്രോ, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലാണ് മിക്ക സർവിസുകളും ക്രമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.