ദുബൈ റോഡുകളിൽ ഇനി പുതുതലമുറ ഇ-ബസുകൾ
text_fieldsദുബൈ: പൊതുഗതാഗത രംഗത്ത് കൂടുതൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ പുതുതലമുറ ഇലക്ട്രിക് ബസ് റോഡിലിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 76 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ബസ് ആദ്യം അൽഖൂസ് ഡിപോയിൽനിന്ന് ദുബൈ മാൾ മെട്രോ സ്റ്റേഷനിലേക്കുള്ള റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുക.
എഫ്13 റൂട്ടിൽ അൽഖൂസ് ഡിപ്പോയിൽനിന്ന് പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബൈ ഫൗണ്ടൻ, ബുർജ് ഖലീഫ എന്നിവ വഴി ദുബൈ മാൾ മെട്രോയുടെ സൗത്ത് ബസ് സ്റ്റോപ് വരെയാകും പുത്തൻ ഇലക്ട്രിക് ബസിന്റെ ആദ്യ സർവീസ്. അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ ഡ്രൈവർക്ക് ചുറ്റുപാടുകൾ അറിയാൻ കണ്ണാടികളുണ്ടാവില്ല. പകരം ഹൈ റെസലൂഷൻ സ്ക്രീനുകളായിരിക്കും. 12 മീറ്റർ നീളമുള്ള ബസിൽ 41 പേർക്ക് ഇരുന്നും, 35 പേർക്ക് നിന്നും യാത്രചെയ്യാം. വോൾവോയാണ് ഇലക്ട്രിക് ബസിന്റെ നിർമാതാക്കൾ. 470 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററിയാണ് പുതിയ ഇലക്ട്രിക് ബസിന്റെ മറ്റൊരു പ്രത്യേകത. ഫുൾ ചാർജ് ചെയ്താൽ 370 കിലോമീറ്റർ യാത്ര ചെയ്യാം.
പൊതുഗതാഗത രംഗം 2050 നകം പൂർണമായും കാർബൺ വികിരണരഹിതമാക്കാനുള്ള ദുബൈയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് പുത്തൻ ഇലക്ട്രിക് ബസെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു.
ദുബൈയുടെ സവിശേഷ കാലാവസ്ഥക്ക് അനുസരിച്ചാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചാണ് വോൾവോ പുതിയ ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നത്. പരീക്ഷണ ഓട്ടത്തിലൂടെ പൊതുഗതാഗത രംഗത്ത് പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് സഹായകമായ വിവരങ്ങൾ ആർ.ടി.എ സംഘം ശേഖരിക്കുമെന്ന് മർവാൻ അൽ സറൂനി പറഞ്ഞു. അന്തരീക്ഷത്തിൽ കാർബൺ പുറന്തള്ളുന്നതിലെ കുറവ്, ബാറ്ററി ഫുൾ ചാർജിൽ ബസിന്റെ പ്രവർത്തന ശേഷി, വ്യത്യസ്ത കാലാവസ്ഥകളിൽ ബസിന്റെ പ്രവർത്തനം എന്നിവ മനസ്സിലാക്കുകയാണ് പരീക്ഷണ ഓട്ടത്തിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.