മൊറോക്കൻ വിജയത്തിൽ അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ
text_fieldsദുബൈ: സ്പാനിഷ് പടയെ വീഴ്ത്തി ലോകകപ്പ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത മൊറോക്കൻ ഫുട്ബാൾ ടീമിന് അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ. അസാധ്യം എന്നത് മൊറോക്കോക്കോ അറബ് ലോകത്തിനോ ഇല്ലെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
അഭിമാനമാണ് ഈ ടീമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ആഹ്ലാദ പ്രകടനത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. മൊറോക്കോയുടേത് ധീരമായ പ്രകടനമാണെന്നും വിജയം അവർ അർഹിക്കുന്നുവെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ അറബ് ഫുട്ബാൾ ചരിത്രത്തിലെ അഭൂതപൂർവമായ നേട്ടമാണ് ടീം നേടിയതെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിന്റെ രണ്ട് പെനാൽറ്റി ഷൂട്ടുകൾ തടഞ്ഞിട്ട ഗോൾ കീപ്പർ യാസീൻ ബൗനൗവിന്റെ ചിത്രവും ശൈഖ് ഹംദാൻ പങ്കുവെച്ചു. ബെൽജിയത്തെ തോൽപിച്ചപ്പോഴും ഇവർ അഭിനന്ദനം അറിയിച്ചിരുന്നു. അതേസമയം, മൊറോക്കോയുടെ ജയം യു.എ.ഇയിലെ അറബ് ലോകം ആവേശത്തോടെയാണ് ഏറ്റെടുത്തത്. മൊറോക്കോ ജയിച്ചതോടെ വാഹനങ്ങളിൽ ആഘോഷപ്രകടനങ്ങളുമായി അവർ തെരുവിലിറങ്ങി. ഫാൻസ് സോണുകളിലും താമസ സ്ഥലങ്ങളിലുമെല്ലാം അവർ ആഘോഷ പ്രകടനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.