സ്വകാര്യ വ്യക്തികളിൽനിന്ന് മൃഗങ്ങളെ മാറ്റിയത് ദുബൈ സഫാരി പാർക്കിലേക്ക്
text_fieldsദുബൈ: വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീടുകളിൽ വളർത്തുന്നത് വിലക്കിക്കൊണ്ടുള്ള ഫെഡറൽ നിയമത്തോടെ പലയിടങ്ങളിൽനിന്നായി ഒഴിപ്പിക്കപ്പെട്ട മൃഗങ്ങെള മാറ്റിയത് ദുബൈ സഫാരി പാർക്കിലേക്ക്. ചിമ്പാൻസികൾ, കുരങ്ങുകൾ, സിംഹങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവികളെയാണ് കൂടുതലായും കൈമാറിയത്.
നിയമം പ്രാബല്യത്തിലായി 16 മാസത്തിനിടെ 20ഒാളം കുരങ്ങുകളെയാണ് ദുബൈ സഫാരി പാർക്കിന് ലഭിച്ചത്. ഇവയിൽ കൂടുതലും സിംഹവാലൻ കുരങ്ങുകളും വാലില്ലാ കുരങ്ങുകളുമാണ്. സ്വകാര്യ വ്യക്തികളുടെ വീടുകളിൽനിന്ന് കണ്ടെടുത്ത ഇവയിൽ പലതിനും അമിത ഭാരം, ശോഷിപ്പ്, പെരുമാറ്റത്തിലെ അസ്വാഭാവികത തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ദുബൈ സഫാരി അധികൃതർ വ്യക്തമാക്കി. നവംബറിൽ തുറന്നത് മുതൽ ദിവസേന 3000 പേർ പാർക്ക് സന്ദർശിക്കുന്നതായി അധികൃതർ പറയുന്നു.
വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീട്ടിൽ സൂക്ഷിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഫെഡറൽ നിയമം പ്രാബല്യത്തിലായിട്ട് 16 മാസമായി. മൃഗശാലകൾ, വന്യജീവി പാർക്കുകൾ, സർക്കസ് കമ്പനികൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവക്ക് മാത്രമേ ഇത്തരം മൃഗങ്ങളെ ൈകവശം വെക്കാൻ അനുമതിയുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിന് മറ്റു അതോറിറ്റികൾക്കുണ്ടായിരുന്ന പെർമിറ്റുകൾ നിയമം റദ്ദാക്കുകയും െചയ്തിരുന്നു.
ഇത്തരം മൃഗങ്ങളെ വീട്ടിൽ വളർത്തിയാൽ ജീവപര്യന്തം തടവും ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്ന വിധം കർശനമാക്കിയാണ് നിയമം അവതരിപ്പിച്ചത്. കടുവയെയും സിംഹത്തെയും വരെ വീട്ടിൽ ഓമനിച്ചുവളർത്തുന്ന ശീലമുള്ളവരാണ് അറബികൾ. ഈ പ്രവണതക്ക് കർശനമായി കടിഞ്ഞാണിടുന്നതാണ് നിയമം. കടുവ, പുലി, സിംഹം, കുരങ്ങുകൾ, ആൾക്കുരങ്ങുകൾ മുതൽ മാസ്റ്റിഫ്, പിറ്റ് ബുൾ, ജപ്പാനീസ് ടോസ തുടങ്ങിയ ഇനം നായകൾക്ക് വരെ വിലക്ക് ബാധകമാണ്.
മൃഗങ്ങളുടെ ആക്രമണത്തിനിരയായി ആരെങ്കിലും മരിച്ചാൽ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. മൃഗങ്ങൾ മറ്റുള്ളവർക്ക് ശാരീരിക വൈകല്യത്തിന് കാരണമാകുംവിധം പരിക്കേൽപ്പിച്ചാൽ ഏഴ് വർഷമാണ് തടവ്. ചെറിയ പരിക്കേൽപിച്ചാൽ ഒരു വർഷം വരെ തടവും പതിനായിരം ദിർഹം വരെ പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.