ദുബൈ സഫാരി പാർക്ക് ഒക്ടോബർ ഒന്നിന് തുറക്കും
text_fieldsദുബൈ: വേനൽക്കാല ഇടവേളക്കുശേഷം സഫാരി പാർക്കിന്റെ ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും. സന്ദർശകർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാനുള്ള വികസന പ്രവർത്തനങ്ങൾ പാർക്കിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള വന്യമൃഗങ്ങളുടെ അപൂർവമായ കാഴ്ചവിരുന്നൊരുക്കുന്ന ഇടമാണ് സഫാരി പാർക്ക്. സന്ദർശകർക്ക് നടന്നും ട്രെയിൻ മാർഗവും പാർക്ക് ആസ്വദിക്കാം.
വ്യത്യസ്ത വന്യമൃഗങ്ങളെ അടുത്ത് കാണാനും ആസ്വദിക്കാനുമായി ആറ് മേഖലകളുമായി ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ് ഒരുക്കിയിരിക്കുന്നത്. പാർക്കിലെ വന്യമൃഗ സംരക്ഷണത്തെക്കുറിച്ച് വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ അറിവുകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വിദഗ്ധരായ ജന്തുശാസ്ത്രജ്ഞർ നടത്തുന്ന ജനപ്രിയ തത്സമയ അവതരണങ്ങളും സന്ദർശകർക്ക് പുതിയ അനുഭവമാകും.
മൃഗലോകത്തെ പല അത്ഭുതങ്ങളും പ്രദർശനത്തിലെത്തിക്കുന്നുണ്ട്. 78 സസ്തനി വർഗങ്ങളിലായി 3,000 ത്തിലധികം മൃഗങ്ങളാണ് ദുബൈ സഫാരി പാർക്കിലുള്ളത്. ഇതിൽ 50 വ്യത്യസ്തമായ ഇഴജന്തുക്കൾ, 111 തരം പക്ഷികൾ എന്നിവ ഉൾപ്പെടും. ഓരോ മൃഗത്തിന്റെയും ആവാസ വ്യവസ്ഥകൾക്ക് യോജിച്ച രീതിയിലാണ് പാർക്കിന്റെ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.