യുവതാരങ്ങൾക്ക് വഴിതെളിച്ച് ദുബൈ സ്കൂൾ ഗെയിംസ്
text_fieldsവളരാൻ താൽപര്യമുള്ളവർക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ദുബൈ. കുരുന്നു പ്രായം മുതൽ വളർച്ചയുടെ പടവിലേക്ക് കൈപിടിച്ചുയർത്താൻ ആവശ്യമായ മണ്ണൊരുക്കുന്ന ദുബൈ, കുട്ടികളിലെ കായിക താരങ്ങളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമായി തുടങ്ങിയ സ്കൂൾ ഗെയിംസിന് ലഭിക്കുന്നത് മികച്ച പ്രതികരണം. കഴിഞ്ഞ മാസം ആരംഭിച്ച മൂന്നാം എഡിഷനും ദുബൈയിലെ സ്കൂളുകളിൽ തകർത്താടുകയാണ്.
2021ലാണ് ദുബൈ സ്കൂൾ ഗെയിംസിന് തുടക്കമായത്. യു.എ.ഇയിലെ യുവ കായിക താരങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും കൂടി മുൻനിർത്തിയായിരുന്നു ഗെയിംസ് തുടങ്ങിയത്. കഴിഞ്ഞ രണ്ട് സ്കൂൾ ഗെയിംസിൽ 130 സ്കൂളുകളിൽ നിന്ന് 4500 വിദ്യാർഥികളാണ് പങ്കെടുത്തത്. 35 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിൽ 14 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
എന്നാൽ, ഇക്കുറി റെക്കോഡ് പങ്കാളിത്തമാണ് സ്കൂൾ ഗെയിസിൽ. 90 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 200ലധികം സ്കൂളുകളിൽ നിന്ന് 5000ഓളം കുട്ടികളാണ് പങ്കെടുക്കുന്നുന്നത്. 22 കായിക ഇനങ്ങൾ നടക്കുന്നുണ്ട്. ഫുട്ബാൾ, റഗ്ബി, സൈക്ലിങ്, ബാസ്ക്കറ്റ്ബാൾ, ബാഡ്മിന്റൺ, വോളിബാൾ, അമ്പെയ്ത്ത് തുടങ്ങിയവ ഇതിൽ ഉൾപെടുന്നു. ഇതിൽ ബാസ്ക്കറ്റ്ബാൾ, ബാഡ്മിന്റൺ, വോളിബാൾ ഉൾപെടെയുള്ള ഏഴ് ഇനങ്ങൾ ഈ വർഷമാണ് ആദ്യമായി ഉൾപെടുത്തിയത്.
കഴിഞ്ഞ വർഷം ഫുട്ബാളിൽ മാത്രം 37 സ്കൂളുകളിൽ നിന്ന് 1536 കുട്ടികളാണ് പങ്കെടുത്തത്. ആദ്യ രണ്ട് സീസണുകളിലായി 840 മെഡലുകൾ വിതരണം ചെയ്തു. സ്കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അനായാസ നടപടിക്രമങ്ങളിലൂടെ തങ്ങളുടെ കുട്ടികളെ സ്കൂൾ ഗെയിംസിന്‍റെ ഭാഗമാക്കാൻ കഴിയും.
എമിറേറ്റിലെ സ്കൂൾ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സര ക്രമീകരണം. കേരളത്തിലെ സ്കൂൾ കായിക മേള പോലെയാണ് മത്സരങ്ങളെങ്കിലും മൂന്ന് വർഷം മുൻപാണ് ദുബൈയിൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഇതുവഴി നിരവധി കായിക താരങ്ങളാണ് ഓരോ വർഷവും പിറവിയെടുക്കുന്നത്. ഇതിന് പുറമെ നിരവധി പദ്ധതികൾ യുവതാരങ്ങൾക്കും വിദ്യാർഥികൾക്കുമായി ദുബൈ സ്പോർട്സ് കൗൺസിൽ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.