ദുബൈ സ്കൂളുകൾക്ക് ഓൺലൈനിലേക്ക് മാറാൻ അനുമതി
text_fieldsദുബൈ: എമിറേറ്റിലെ സ്കൂൾ മാനേജ്മെന്റുകൾക്ക് മുൻകൂർ അനുമതിയില്ലാതെ ഒരു ക്ലാസോ ഒരു ബാച്ചോ അല്ലെങ്കിൽ മുഴുവൻ സ്കൂളോ 48 മണിക്കൂർ വിദൂര പഠനത്തിലേക്ക് മാറ്റാൻ അനുമതി. ദുബൈ വിദ്യാഭ്യാസ നിയന്ത്രണ വകുപ്പായ കെ.എച്ച്.ഡി.എ വെബ്സൈറ്റ് വഴി ബുധനാഴ്ച രാത്രിയാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് രോഗലക്ഷണമോ അടുത്ത സമ്പർക്കമോ ഉള്ള വിദ്യാർഥികളെ ഓൺലൈനായി പഠിക്കാൻ അനുവദിക്കണം.
രോഗലക്ഷണങ്ങൾ ഇല്ലാതായാൽ ഇത്തരം വിദ്യാർഥികൾക്ക് സ്കൂളിൽ തിരിച്ചുവരാം. വിദ്യാർഥിക്കോ ജീവനക്കാരനോ അടുത്ത സമ്പർക്കമുണ്ടായാൽ ഏഴുദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഈ സമയത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമുണ്ടാകണം. കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ഏഴുദിവസം കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ പി.സി.ആർ പരിശോധനയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, കോവിഡ് പോസിറ്റിവായ വിദ്യാർഥികളും ജീവനക്കാരും പത്തുദിവസം ക്വാറന്റീൻ പൂർത്തിയാക്കണം. സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയും വേണം.
ആറു വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. പാഠ്യേതര പ്രവർത്തനങ്ങൾ, യാത്രകൾ, പരിപാടികൾ, അസംബ്ലികൾ, കലാപരിപാടികൾ എന്നിവ ഒഴിവാക്കണം. കഫ്റ്റീരിയകളും കാൻറീനുകളും തുറക്കാൻ പാടില്ല എന്നീ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും രണ്ടാഴ്ചത്തേക്ക് നിബന്ധനകൾ ബാധകമാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.