ഡി.എസ്.എഫ് അവസാന വിൽപന നാളെ മുതൽ
text_fieldsദുബൈ: നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിച്ച 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 29ന് അവസാനിക്കും. ഫെസ്റ്റിവലിന്റെ അവസാന വിൽപന വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.നഗരത്തിലുടനീളം 2000ലധികം സ്റ്റോറുകളിൽ 500ലധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കും. മൂന്ന് ദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
ആകർഷകമായ വിനോദപരിപാടികൾ, മികച്ച ഷോപ്പിങ് ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതക്കച്ചേരികളും മറ്റ് ആഘോഷങ്ങളും ഇത്തവണയും നിരവധിപേരെ ഫെസ്റ്റിവലിലേക്ക് ആകർഷിച്ചു. യു.എ.ഇ സർക്കാർ ആരംഭിച്ച ‘ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം’ എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദർശകരെ ആകർഷിക്കാനും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നാണ് ഡി.എസ്.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.