ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാവും
text_fieldsദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന വ്യാപാരോത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30ാമത് എഡിഷന് വെള്ളിയാഴ്ച തുടക്കമാകും. ഡിസംബർ ആറു മുതൽ ജനുവരി 12 വരെ 38 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ ഗംഭീര ആഘോഷ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 1000 ഡ്രോണുകൾ പങ്കെടുക്കുന്ന ഡ്രോൺ, കരിമരുന്ന് പ്രദർശനങ്ങളാണ് ഇതിൽ ഏറ്റവും വലിയ ആകർഷണം. കൂടാതെ, കൈനിറയെ സമ്മാനങ്ങളും നേടാം.
ദിവസവും രണ്ടു തവണ ഡ്രോൺ പ്രദർശനം ഉണ്ടാകും. ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെ.ബി.ആറിലുമായി രാത്രി എട്ടിനും 10നുമാണ് ഡ്രോൺ ഷോ. ഡിസംബര്‍ 13നും ജനുവരി 11നും രാത്രി എട്ടിനും 10നും ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ജെ.ബി.ആര്. എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഷോ നടക്കുക. വെടിക്കെട്ടും ഡ്രോണ്‍ ഷോയും സമന്വയിപ്പിച്ചുള്ള പരിപാടി ഏറെ ആകർഷകമാണ്. ദിവസവും ഒരേസമയം 1000 ഡ്രോണുകള്‍ അണിനിരക്കുന്ന ആവേശകരമായ കാഴ്ചയാണിത്.
ഈ വര്‍ഷം രണ്ടു പ്രമേയങ്ങളിലായാണ് ഡി.എസ്.എഫ് ആഘോഷിക്കുന്നത്. ഷോപ്പിങ് മാമാങ്കത്തിന്റെ കഴിഞ്ഞ 30 വര്‍ഷത്തെ പാരമ്പര്യം ജനങ്ങളിലെത്തിക്കാന്‍ വെള്ളിയാഴ്ച മുതല്‍ 26 വരെ ഡി.എസ്.എഫ് ലെഗസി എന്ന പ്രമേയത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. 27 മുതല്‍ ജനുവരി 12 വരെ ദുബൈയുടെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളുടെ ത്രിമാന രൂപങ്ങള്‍ ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കും.
ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി ദിവസവും രാത്രി 9.15നും ഹത്തയില്‍ വാരാന്ത്യങ്ങളില്‍ രാത്രി എട്ടിനും സൗജന്യമായി വെടിക്കെട്ട് ആസ്വദിക്കാം. നഗരവീഥികളില്‍ ഉത്സവ ലഹരി പകരാന്‍ ദുബൈ ലൈറ്റ്സ് ഒട്ടേറെ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ അവതരിപ്പിക്കും. ബ്ലൂവാട്ടേഴ്സ് ദ്വീപ്, അല്‍ സീഫ്, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ മര്‍മൂം, കൈറ്റ് ബീച്ച്, സിറ്റി വാക്ക്, ഹത്ത എന്നിവിടങ്ങളില്‍ ലോകപ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. പ്രതിദിന നറുക്കെടുപ്പുകളുമുണ്ടാകും.
നിസാന്‍ എക്സ്-ട്രെയില്‍, നിസാന്‍ എക്സ്ടെറാ, നിസാന്‍ കിക്സ്, നിസാന്‍ അള്‍ട്ടിമ, നിസാന്‍ സഫാരി എന്നീ കാറുകള്‍ക്കൊപ്പം ഒരുലക്ഷം ദിര്‍ഹവും സ്വന്തമാക്കാം. പ്രധാന സമ്മാനങ്ങള്‍ക്ക് പുറമേ, പ്രതിവാര നറുക്കെടുപ്പിലൂടെ നിസാന്‍ പട്രോളും സ്വന്തമാക്കാം. എമിറേറ്ററിലുടനീളമുള്ള ഇനോക് സര്‍വിസ് സ്റ്റേഷനുകളിലും സൂം സ്റ്റോറുകളിലും ഗ്ലോബല്‍ വില്ലേജിലും തെരഞ്ഞെടുത്ത കിയോസ്കുകളിലും നറുക്കെടുപ്പിന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. 100 ദിര്‍ഹമാണ് ഒരു ടിക്കറ്റ് വില. ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് 30 ലക്ഷം ദിര്‍ഹവും ലഭിക്കും. 30ാം പതിപ്പിന്റെ ഭാഗമായാണ് എക്കാലത്തെയും ഏറ്റവും വലിയ കാഷ് പ്രൈസ് പ്രഖ്യാപിച്ചത്. ഡ്രീം ദുബൈ വെബ്സൈറ്റിലൂടെ ഷോപ്പിങ് നടത്തുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം.
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പിലൂടെ 15 ലക്ഷം ദിര്‍ഹവും 20 കിലോയിലേറെ സ്വര്‍ണവും സ്വന്തമാക്കാനും അവസരങ്ങളുണ്ട്. കൂടാതെ, പ്രതിദിന നറുക്കെടുപ്പിലൂടെ 10,000 ദിര്‍ഹം, ആഡംബര വാഹനങ്ങള്‍, 10 ലക്ഷം സ്കൈവാര്‍ഡ് പോയന്റുകള്‍ എന്നിവയും നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.