ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ
text_fieldsദുബൈ: വിലക്കിഴിവിന്റെയും ആഘോഷങ്ങളുടെയും മാസ്മരികതയുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഇത്തവണ ഡിസംബർ 15 മുതൽ 2023 ജനുവരി 29വരെ 46 ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിനോദ പരിപാടികൾ, സംഗീതക്കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷണീയതകൾ ഇത്തവണയുമുണ്ടാകും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) ഒരുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ സവിശേഷമായി ഡ്രോൺസ് ലൈറ്റ് ഷോ അരങ്ങേറുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബൈ സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരവസരമാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷൻ ഒരുക്കുകയെന്ന് ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹ്മദ് അൽ ഖാജ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരിക്കും പരിപാടികൾ ആസൂത്രണംചെയ്യുന്നത്. ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരംകൂടിയാകുമിത്. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. റാക് ബാങ്ക്, മാസ്റ്റർ കാർഡ്, അൽ ഫുത്തൈം ഗ്രൂപ്, എമാർ, എമിറേറ്റ്സ്, മാജിദ് അൽ ഫുത്തൈം, നഖീൽ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഡി.എസ്.എഫ് കഴിഞ്ഞ വർഷങ്ങളിൽ അരങ്ങേറിയത്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിനെത്തുന്ന വിവിധ രാജ്യക്കാരായ ആരാധകരെ കൂടുതലായി ദുബൈയിലേക്ക് ആകർഷിക്കാൻ ഫെസ്റ്റിവൽ സഹായിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.