ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsദുബൈ: ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്) വെള്ളിയാഴ്ച ആരംഭിക്കും. ഡ്രോൺ ഷോകൾ മുതൽ മിന്നിത്തിളങ്ങുന്ന ഇൻസ്റ്റലേഷനുകൾ വരെ നഗരത്തിന് ഉത്സവച്ഛായ നൽകാൻ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വർഷത്തെയും പോലെ നിരവധി പുതുമകളോടെയാണ് ഇത്തവണയും ഫെസ്റ്റിവൽ സംവിധാനിച്ചിട്ടുള്ളത്.
ദിനേനയുള്ള ഡ്രോൺ ഷോകളാണ് കൂട്ടത്തിൽ ഏറ്റവും പ്രാധാന്യത്തോടെ സംഘാടകർ വിശദീകരിച്ചിട്ടുള്ളത്. ഡിസംബർ 10 മുതൽ ജനുവരി 14 വരെ എല്ലാ രാത്രിയിലും 800ലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ രണ്ട് തവണ ഷോ അവതരിപ്പിക്കും. രാത്രി എട്ടിനും 10നുമാണ് ഡ്രോൺ ഷോ നടക്കുക. ദുബൈയിലെ മുത്തിന്റെ പ്രാധാന്യം വിവരിക്കുന്നതും ബഹിരാകാശ ഗവേഷണത്തെ സംബന്ധിച്ചതുമായ രണ്ട് സ്റ്റോറികളാണ് ഷോയിൽ വിഷയമാവുക. ദുബൈ ഗോൾഡ് സൂഖ്, പാം ജുമൈറയിലെ വെസ്റ്റ് ബീച്ച്, അൽ സീഫ് എന്നിവിടങ്ങളിൽ വിവിധ ഇൻസ്റ്റലേഷനുകളും ഒരുക്കും.
ദുബൈയിലെ 40ഓളം അബ്രകളിൽ നിയോൺ ലൈറ്റിങ്ങുകൾ സ്ഥാപിക്കും. ഇത് ക്രീക്കിലെ രാത്രികാഴ്ച മനോഹരമാക്കും. ഡി.എസ്.എഫിന്റെ 29ാം പതിപ്പ് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് സംഘടിപ്പിക്കുന്നത്. 38 ദിവസം നീളുന്ന ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഷോപ്പിങ് അനുഭവങ്ങള്‍ കൂടുതല്‍ അനുഭവവേദ്യമാക്കാനുള്ള നിരവധി തയാറെടുപ്പുകളാണ് സംഘാടകർ നടത്തുന്നത്.
പ്രാദേശികവും ആഗോളവുമായ ബ്രാൻഡുകളുടെ പ്രമോഷനുകളും റീട്ടെയിൽ ഡീലുകളും വിനോദങ്ങളുടെ വൻനിര, പോപ്പ്-അപ്പ് മാർക്കറ്റുകൾ, ഡൈനിങ് അനുഭവങ്ങൾ, കലാ ഇവന്റുകൾ എന്നിവയും ഒരുങ്ങി. അതോടൊപ്പം കായിക മത്സരങ്ങൾ, 20 ലക്ഷം ദിർഹം, നിസാൻ പെട്രോൾ വി6 കാർ, 25 കിലോ സ്വർണം തുടങ്ങിയ സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായ ദുബൈ പൊലീസ് കാർണിവൽ ജനുവരി നാല് മുതൽ എട്ട് വരെ സിറ്റി വാക്കിൽ നടക്കും. ഡിസംബർ 15 മുതൽ 24 വരെ തീയതികളിൽ സിറ്റി വാക്കിൽ എമിറേറ്റ്സ് ക്ലാസിക് വെഹിക്കിൾസ് ഫെസ്റ്റിവലും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.