താരനിബിഡമാകും ദുബൈ സോക്കർ അവാർഡ്
text_fieldsദുബൈ: ഖത്തർ ലോകകപ്പിന് മൂന്ന് ദിനം മുൻപ് ദുബൈയിലേക്ക് ഫുട്ബാൾ താരനിര ഒഴുകിയെത്തും. പ്രശസ്തമായ ദുബൈ ഗ്ലോബൽ സോക്കർ അവാർഡിന്റെ 13ാം എഡിഷൻ നവംബർ 17ന് നടക്കും. ഇതോടൊപ്പം ദുബൈ ഇന്റർനാഷനൽ സ്പോർട്സ് കോൺഫറൻസും അരങ്ങേറും. ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ നിരവധി പ്രമുഖ കായിക താരങ്ങൾ ദുബൈയിലെത്തുമെന്നാണ് കരുതുന്നത്. ജുമൈറയിൽ നടക്കുന്ന പരിപാടിയുടെ സംഘാടകർ ദുബൈ സ്പോർട്സ് കൗൺസിലാണ്.
വിവിധ വിഭാഗങ്ങളിലായി 21 പുരസ്കാരങ്ങളാണ് ഇക്കുറി സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരം, വനിത താരം, പ്രസിഡന്റ്, ടിക്ടോക് ഫാൻസ് പ്ലയർ, ബെസ്റ്റ് ഗോൾ സ്കോറർ, പുരുഷ ക്ലബ്ബ്, വനിത ക്ലബ്ബ്, യുവതാരം, കോച്ച്, ഏജന്റ്, മീഡിയ ഇൻഫ്ലുവൻസർ, ഫുട്ബാൾ ജേണലിസ്റ്റ് തുടങ്ങിയ പുരസ്കാരങ്ങളാണ് നൽകുന്നത്. മികച്ച ഗോൾ സ്കോറർക്ക് മറഡോണയുടെ പേരിലാണ് പുരസ്കാരം.
അന്തിമ പട്ടികയിലെത്തുന്നവരുടെ പേര് വിവരങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. ഒക്ടോബർ 20 മുതൽ പൊതുജനങ്ങൾക്കും വോട്ട് ചെയ്യാം. ഫുട്ബാൾ വിദഗ്ദരും പരിശീലകരും ഡയറക്ടർമാരും ക്ലബ്ബ് പ്രസിഡന്റുമാരും അടക്കുന്ന ജൂറിയായിരിക്കും പുരസ്കാര ജേതാവിനെ നിർണയിക്കുക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉൾപെടുത്തി എന്നതാണ് ഇത്തവണത്തെ പുരസ്കാരത്തിന്റെ മറ്റൊരു പ്രത്യേകത. ഫുട്ബാളിലെ മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂ ട്യൂബ് ക്രിയേറ്റർ, ടിക് ടോക് ക്രിയേറ്റർ എന്നിവയുമുണ്ട്. കഴിഞ്ഞ സീസണിൽ 17 പേർക്കായിരുന്നു പുരസ്കാരം നൽകിയത്. മികച്ച താരമായി കെയ്ലൻ എംബാപ്പെയും അലക്സിയ പുട്ടെല്ലാസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുരുഷ ക്ലബ്ബായി ചെൽസിയും വനിത ക്ലബ്ബായി ബാഴ്സലോണയും തെരഞ്ഞെടുക്കപ്പെട്ടു. ഫാൻസ് െപ്ലയറും ഗോൾ സ്കോററുമായി തെരഞ്ഞെടുത്തത് റോബർട്ട് ലെവൻഡോവ്സ്കിയെയായിരുന്നു. 210 രാജ്യങ്ങളിലെ 15 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം വോട്ട് ചെയ്തത്.ഇതോടൊപ്പം നടക്കുന്ന സ്പോർട്സ് കോൺഫറൻസിലും കായിക മേഖലയിലെ വിദഗ്ദർ പങ്കെടുക്കും. കായിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകളും നിർദേശങ്ങളും ഇവിടെ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.