വേനലിൽ തിളക്കുന്ന കായികലോകം
text_fieldsവേനൽ കാലത്തും കായികലോകത്തിന് വിശ്രമം വേണോ എന്ന് ചോദിക്കുകയാണ് ദുബൈ. പുറത്ത് പൊരിയുന്ന ചൂടാണെങ്കിലും ഇൻഡോറിനുള്ളിൽ കളിയുടെ കേളികൊട്ടൊരുക്കി കാത്തിരിക്കുകയാണ് ദുബൈ വേൾഡ് ട്രേഡ് സെന്റർ. വേനൽകാലത്ത് കായിക ലോകത്തിന് കൂടുതൽ ഊർജം പകരുന്നതിനായി നടത്തുന്ന ദുബൈ സ്പോർട്സ് വേൾഡിന് ഇക്കുറിയും ആവേശത്തുടക്കം. 42 കോർട്ടുകളിലായി മൂന്ന് ലക്ഷം ചതുരശ്ര അടിയിലാണ് ഇത്തവണത്തെ സ്പോർട്സ് വേൾഡ് വിരുന്നെത്തിയിരിക്കുന്നത്. സെപ്റ്റംബർ 10 വരെ 100 ദിവസം നീണ്ടുനിൽക്കുന്ന കായികമാമാങ്കത്തിൽ ആർക്കും പങ്കെടുക്കാം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വാട്സാപ്പ് ഗ്രൂപ്പുകൾക്കുമെല്ലാം മുൻകൂർ ബുക്ക് ചെയ്ത് ഇവിടെയെത്തി മത്സരിക്കാം. ഒമ്പത് കായിക ഇനങ്ങളാണ് ഇക്കുറി നടക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നിസ്, വോളിബാൾ, പാഡൽ, പിക്കിൾ ബാൾ, ബാഡ്മിന്റൺ എന്നിവയിൽ ആർക്കും പങ്കെടുക്കാം. ടെന്നിസും ബാഡ്മിന്റണും ടേബിൾ ടെന്നിസും ചേർന്ന പിക്കിൾ ബാളാണ് ഇത്തവണത്തെ പ്രത്യേകത. 17 ബാഡ്മിന്റൺ കോർട്ട്, എട്ട് ടേബിൾ ടെന്നിസ്, ആറ് ഫുട്ബാൾ ഗ്രൗണ്ട്, മൂന്ന് ബാസ്ക്കറ്റ് ബാൾ, രണ്ട് പാഡൽ കോർട്ട്, രണ്ട് ടെന്നിസ് കോർട്ട്, രണ്ട് വോളിബാൾ കോർട്ട്, ഒരു ക്രിക്കറ്റ് പിച്ച്, രണ്ട് പിക്കിൾ ബാൾ കോർട്ട് എന്നിവയുണ്ട്.
ഫിറ്റ്നസ് സൂക്ഷിക്കുന്നവർക്കായി ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 40 പേർക്ക് വരെ ജിമ്മിൽ പരിശീലനം നടത്താം. സൂംബ, ആയോധന കലകൾ എന്നിവക്കുള്ള അവസരവുമുണ്ട്. ജൂൺ 18ന് ലോക യോഗ ദിനവും ഇവിടെ ആഘോഷിക്കും. ഇക്കുറി ‘ദുബൈ കിഡ്സ് വേൾഡും’ ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാനും കളിക്കാനുമുള്ള സൗകര്യമാണ് കിഡ്സ് വേൾഡിൽ ഒരുക്കിയിരിക്കുന്നത്. വീഡിയോ ഗെയിമും ൈസ്ലഡുകളുമെല്ലാം ഇവിടെയുണ്ട്. 12 അക്കാദമികൾ വേനൽകാല ക്യാമ്പുകൾ നടത്തും. ഈ അക്കാദികളെല്ലാം ചേർന്ന് ജൂൺ 10ന് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിൽ സംഗീത മേളങ്ങളും വിനോദ പരിപാടികളുമുണ്ടാകും.
പങ്കെടുക്കാൻ എന്ത് ചെയ്യണം
www.dubaisportsworld.ae എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് ആർക്കും പങ്കെടുക്കാം. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാൾ 2, 3, 4, 5, 6 എന്നിവിടങ്ങളിലാണ് കോർട്ടുകൾ. ദിവസവും രാവിലെ എട്ട് മുതൽ രാത്രി 12 വരെ തുറന്നിരിക്കും. വിവിധ സമയങ്ങളിൽ വിവിധ നിരക്കാണ് ഓരോ കായിക ഇനങ്ങൾക്കും നൽകേണ്ടത്.
ബാഡ്മിന്റൺ പോലുള്ളവക്ക് മണിക്കൂറിന് 50 ദിർഹം മുതൽ കളിക്കാം. ക്രിക്കറ്റ് പോലുള്ള ഗെയിമുകൾക്ക് മണിക്കൂറിന് 200 ദിർഹം മുതൽ നിരക്ക് തുടങ്ങുന്നു. ഗ്രൂപ്പായി എത്തുന്നതാവും നല്ലത്. ഈ സീസൺ പൂർണമായും ബുക്ക് ചെയ്യുന്ന സീസണൽ മെമ്പർഷിപ്പുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.