ദുബൈ ടാക്സി 250 ഇ.വി വാഹനങ്ങൾ കൂടി വാങ്ങും
text_fieldsദുബൈ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 250 ഇലക്ട്രിക് കാറുകൾ കൂടി വാങ്ങുമെന്ന് ദുബൈ ടാക്സി (ഡി.ടി.സി) അധികൃതർ അറിയിച്ചു. പുതിയ വാഹനങ്ങൾ എത്തുന്നതോടെ ഡി.ടി.സിയുടെ മൊത്തം ടാക്സി കാറുകളുടെ എണ്ണം 6210 ആയി ഉയരും. കൂടാതെ കമ്പനിയുടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം 87 ശതമാനമായി വർധിക്കും.
വാഹന നിരയുടെ വിപുലീകരണത്തിലൂടെ 8.5 കോടി ദിർഹത്തിന്റെ അധിക വാർഷിക വരുമാനമാണ് ഡി.ടി.സി പ്രതീക്ഷിക്കുന്നത്. സുസ്ഥിര മൊബിലിറ്റിയുടെ ആഗോള കേന്ദ്രമായി എമിറേറ്റിന്റെ പദവി ഉയർത്തുകയും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുകയുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.ടി.സി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലസി പറഞ്ഞു.
സുസ്ഥിര ഗതാഗത മേഖലയിൽ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ തീരുമാനം സഹായകമാവും. ടാക്സി, ലിമോസിൻ, ബസ്, മോട്ടോർ സൈക്കിളുകൾ എന്നിവ ഉൾപ്പെടെ 9000 വാഹനങ്ങളാണ് നിലവിൽ ഡി.ടി.സിക്കുള്ളത്.
സമഗ്രമായ ഗതാഗത മാർഗങ്ങൾ ഒരുക്കുന്ന മുൻനിര സ്ഥാപനമെന്ന നിലയിൽ ഡി.ടി.സിയുടെ സ്ഥാനത്തെ പിന്തുണക്കാനും ബിസിനസിന്റെ വരുമാന വളർച്ചക്കും ലാഭക്ഷമതക്കും സംഭാവന നൽകാനും വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.