20,000 വിദ്യാർഥികൾ കൂടി ‘സ്കൂൾ ബസ് ആപ്പി’ലാകും
text_fieldsദുബൈ: സ്കൂൾ ബസുകളുടെ പ്രവർത്തനം സുതാര്യമാകുന്നതിന് രൂപപ്പെടുത്തിയ ആപ്ലിക്കേഷനിലേക്ക് എമിറേറ്റിലെ 58 സർക്കാർ സ്കൂളുകളിലെ 20,000 കുട്ടികളെ കൂടി ചേർക്കും. റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കീഴിൽ പ്രവർത്തിക്കുന്ന ദുബൈ ടാക്സി കോർപറേഷൻ വികസിപ്പിച്ച ‘ഡി.ടി.സി സ്കൂൾ ബസ് ആപ്പി’ലാണ് പുതുതായി കുട്ടികളെയും സ്കൂളുകളെയും ചേർക്കുന്നത്. എമിറേറ്റിലെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെടുത്തത്. നിലവിൽ ദുബൈ ടാക്സി കോർപറേഷൻ നഗരത്തിലെ 800 റൂട്ടുകളിൽ ബസ് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ പേരുകളും രക്ഷിതാക്കളുടെ വിവരങ്ങളും ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനാകും. രക്ഷിതാക്കൾക്ക് ഇതുവഴി സ്കൂൾ ബസുകളുടെ സഞ്ചാരം തിരിച്ചറിയാൻ സാധിക്കും. കുട്ടികൾ സ്കൂളിലും വീട്ടിലും എത്തിച്ചേരുമ്പോൾ ആപ്പിൽനിന്ന് രക്ഷിതാക്കൾക്ക് മെസേജുകൾ ലഭിക്കുന്ന സംവിധാനവും ഇതിലുണ്ട്. അപ്രതീക്ഷിതമായ ട്രാഫിക് ജാമുകൾ രൂപപ്പെട്ടാലും സന്ദേശം ലഭിക്കും. കുട്ടികൾ അവധിയാകുന്ന ദിവസങ്ങൾ രക്ഷിതാക്കൾക്ക് ആപ്പിൽ പ്രത്യേകമായി അടയാളപ്പെടുത്താൻ സാധിക്കും. ഇതുവഴി കുട്ടികളെ ആവശ്യമില്ലാതെ കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർക്ക് കഴിയും.
കുട്ടികളുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതാണ് സംവിധാനമെന്ന് ഡി.ടി.സി ഡിജിറ്റലൈസേഷൻ, വാണിജ്യ വികസന ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു. ബസിൽ കുട്ടികൾ ഒറ്റപ്പെടുന്നതും കുടുങ്ങിപ്പോകുന്നതും ഒഴിവാക്കാൻ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ ഡ്രൈവർക്ക് സാധിക്കുമെന്നതും ആപ്ലിക്കേഷന്റെ ഗുണമാണ്. ബസ് ബ്രേക്ഡൗണായാലും കുട്ടികളുടെ യാത്രാസമയത്തിൽ മാറ്റമുണ്ടായാലും അറിയിപ്പ് ലഭിക്കുന്നത് രക്ഷിതാക്കളുടെ ആശങ്ക ദൂരീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.