പ്രിന്റിങ്: ലോകത്തെ ആദ്യ മസ്ജിദ് ദുബൈയിൽ
text_fieldsദുബൈ: ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തെ ആദ്യ മസ്ജിദ് ദുബൈ നഗരത്തിൽ സ്ഥാപിക്കും. 2025ൽ മസ്ജിദിന്റെ നിർമാണം പൂർത്തിയാകുമെന്ന് ദുബൈ മതകാര്യ വകുപ്പ് അധികൃതർ അറിയിച്ചു. ദുബൈ നഗരത്തിൽ ബർദുബൈ മേഖലയിലായിരിക്കും ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മസ്ജിദ് നിർമിക്കുക. കൂറ്റൻ പ്രിന്റർ ഉപയോഗിച്ച് ത്രിമാന വസ്തുക്കൾ പ്രിന്റ് ചെയ്തെടുക്കുന്ന മാതൃകയിൽ കെട്ടിടം നിർമിക്കുന്ന സാങ്കേതിക വിദ്യയാണ് നിർമാണത്തിന് ഉപയോഗിക്കുക. 2000 ചതുരശ്ര അടി വിസ്തൃതിയിൽ വനിതകൾ ഉൾപ്പെടെ 600 പേർക്ക് ഒരേസമയം മസ്ജിദിൽ പ്രാർഥന നിർവഹിക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന് എൻജിനീയറിങ് വിഭാഗം മേധാവി അലി അൽ ഹൽയാൻ അൽ സുവൈദി പറഞ്ഞു.
ബർദുബൈയിലാണ് ത്രീഡി പ്രിന്റഡ് മസ്ജിദിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ സ്ഥലം പിന്നീട് വെളിപ്പെടുത്തും. ഈ വർഷം പള്ളിയുടെ നിർമാണം ആരംഭിക്കും. 2025ൽ നിർമാണം പൂർത്തിയാക്കി മസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുക്കും. നിർമാണ മേഖലയിൽ സുപ്രധാനമാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പലരും ഇത് പരീക്ഷിക്കാൻ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് പള്ളി തന്നെ ഈ മാതൃകയിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു. സാധാരണ കെട്ടിട നിർമാണത്തെ അപേക്ഷിച്ച് 30 ശതമാനം നിർമാണ ചെലവ് കുറവാണ്. ദുബൈയിൽ ദീവയുടെ കെട്ടിടവും ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.