ദുബൈയിൽ കൂറ്റൻ കടൽവെള്ള ശുദ്ധീകരണ പ്ലാന്റ് വരുന്നു
text_fieldsദുബൈ: ദുബൈ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി (ദീവ) സൗരോർജം ഉപയോഗിച്ച് കടൽവെള്ളം ശുദ്ധീകരിക്കുന്ന കൂറ്റൻ പ്ലാന്റ് നിർമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിന് സൗദി അറേബ്യൻ കമ്പനിക്ക് ദീവ കരാർ നൽകി. സൗദിയിലെ എ.സി.ഡബ്ല്യു.എ എന്ന കമ്പനിയാണ് 91.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ദീവയുടെ ഹസ്യാൻ സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് (എസ്.ആർ.ഡബ്ല്യു.ആർ.ഒ) പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണത്തിന് കരാർ നേടിയത്. പ്രതിദിനം 180 ദശലക്ഷം ഗാലൺ ശുദ്ധജലം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നിർമാണവും പ്രവർത്തനവും നടത്താനാണ് കരാർ.
ദീവയുടെ ആദ്യ സ്വതന്ത്ര ശുദ്ധജല നിർമാണ മാതൃക പദ്ധതിയാണിത്. പ്ലാന്റ് നിർമിക്കുന്നതിനായി 29 അന്താരാഷ്ട്ര കമ്പനികളിൽനിന്ന് ദീവക്ക് താൽപര്യപത്രം ലഭിച്ചിരുന്നു. തുടർന്ന് 2022 ഒക്ടോബർ 18ന് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ആറു കമ്പനികളുടെ പേരുകൾ ദീവ പ്രസിദ്ധീകരിച്ചു. അബൂദബി നാഷനൽ എനർജി കമ്പനിയായ പി.ജെ.എസ്.സിയിൽനിന്ന് രണ്ടു ബിഡുകളാണ് സമർപ്പിച്ചിരുന്നത്. ഇതിൽനിന്ന് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത സൗദി അറേബ്യയുടെ എ.സി.ഡബ്ല്യു.എക്ക് കരാർ നൽകുകയായിരുന്നു.
പ്രതിദിനം 490 ഗാലൻ ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ദീവക്കുള്ളത്. 2026ൽ പുതിയ പ്ലാന്റ് പൂർത്തിയാവുന്നതോടെ ഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030ഓടെ 100 ശതമാനം ഉപ്പുവെള്ള ശുദ്ധീകരണവും ശുദ്ധോർജവും മാലിന്യങ്ങളിൽനിന്നുള്ള ഊർജവും ഉപയോഗിച്ച് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിദിന ജലശുദ്ധീകരണശേഷി 490 ഗാലണിൽനിന്ന് 730 ഗാലണിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ലോകോത്തര നിലവാരത്തിൽ വിശ്വസനീയവും കാര്യക്ഷമവുമായ രീതിയിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ ദീവക്ക് സാധിക്കുന്നുണ്ടെന്നും ഇതിനായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും നൂതനമായ സാങ്കേതികവിദ്യകളും ഒരുക്കിയ സർക്കാറിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.