ഗ്ലോബലാകാൻ ദുബൈ: അഞ്ച് ഭൂഖണ്ഡങ്ങളിൽ 50 ഓഫിസുകൾ തുറക്കും
text_fieldsദുബൈ: ലോകത്തിന്റെ വ്യപാരമേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് സഹായകമാകുന്ന പദ്ധതിയുമായി ദുബൈ. ലോകമെമ്പാടും അഞ്ച് ഭൂഖണ്ഡങ്ങളിലായി ദുബൈയുടെ 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫിസുകൾ തുറക്കുന്ന 'ദുബൈ ഗ്ലോബൽ' പദ്ധതിയാണ് പുതുതായി ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിനിധി ഓഫിസുകൾ വഴി ലോകത്തെ സുപ്രധാന മാർക്കറ്റുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന ദുബൈ കമ്പനികൾക്ക് ലോജിസ്റ്റിക്സ് സഹായം ലഭിക്കും. മികച്ച ബിസിനസ് ഹബ്ബെന്ന എമിറേറ്റിന്റെ സ്ഥാനത്തെ ശക്തിപ്പെടുത്തലാണ് ഓഫിസുകൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.ദുബൈ കിരീടാവകാശിയും എക്സി. കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നൂതന അടിസ്ഥാന സൗകര്യങ്ങളും, ഫലപ്രദമായ നിയമങ്ങളും, ലോകോത്തര സേവനങ്ങളും നൽകുന്നുണ്ടെന്നും ഇതിന്റെ തുടർച്ചയാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനികളെ ആഗോളവത്കരിക്കുക, ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള ബിസിനസ് ലൈനുകളിലേക്ക് പുതിയ വിപണികൾ ചേർക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ ചേംബറും മറ്റു സർക്കാർ, അർധ-സർക്കാർ സംവിധാനങ്ങളും സഹകരിച്ചാണ് ഗ്ലോബൽ ഓഫിസുകളുടെ പ്രവർത്തനം നിർണയിക്കുക. കൂടുതൽ നിക്ഷേപകരെയും പ്രതിഭകളെയും ബിസിനസുകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ പദ്ധതി സഹായിക്കും. മാർക്കറ്റ് റിസർച്, ലോജിസ്റ്റിക്കൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഓഫിസിലൂടെ ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.