ദുബൈ ലൂപ്; നഗരത്തിൽ ഭൂഗർഭപാത വരുന്നു
text_fieldsശൈഖ് ഹംദാന്റെ സാന്നിധ്യത്തിൽ ദുബൈ ലൂപ് നിർമാണത്തിന് ആർ.ടി.എയും ബോറിങ് കമ്പനിയും കരാറിൽ ഒപ്പിടുന്നു
ദുബൈ: നഗരത്തിലെ ഗതാഗത രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും(ആർ.ടി.എ) അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയും കരാറിൽ ഒപ്പിട്ടു. ദുബൈ ലൂപ് എന്ന പേരിൽ നിർമിക്കുന്ന 17 കി.മീറ്റർ പാതയിൽ 11 സ്റ്റേഷനുകളുണ്ടാകുമെന്നും മണിക്കൂറിൽ 20,000 പേർക്ക് ഇതുവഴി യാത്രചെയ്യാമെന്നും അധികൃതർ വെളിപ്പെടുത്തി. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും പാത.
ഇലോൺ മസ്ക് പങ്കെടുത്ത ലോക സർക്കാർ ഉച്ചകോടിയിലെ സെഷനിൽ യു.എ.ഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ വകുപ്പ് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയാണ് പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തിയത്. ബോറിങ് കമ്പനി യു.എസിലെ ലാസ് വഗാസ് നഗരത്തിൽ നിർമിച്ച ഭൂഗർഭ പാതയുടെ രീതിതന്നെയാണ് ദുബൈയിലും പിന്തുടരാൻ പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക് പറഞ്ഞു. ഭൂകമ്പം അടക്കമുള്ള സമയങ്ങളിൽ ഏറ്റവും സുരക്ഷിതമായ ഗതാഗത സംവിധാനമാണ് ഭൂഗർഭപാതയെന്നും മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയുടെ ചോദ്യത്തിന് മറുപടിയായി മസ്ക് വ്യക്തമാക്കി.
ഭൂകമ്പ സമയത്ത് മാത്രമല്ല പേമാരി അടക്കമുള്ള പ്രകൃതി ദുരന്തത്തിന്റെ സന്ദർഭത്തിലും ഏറ്റവും സുരക്ഷിതമാണ് സംവിധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ലോക സർക്കാർ ഉച്ചകോടിയിലെ പ്രഖ്യാപനത്തിന് ശേഷം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയുടെ വിശദാംശങ്ങൾ എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തി. പദ്ധതി ഗതാഗത രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തിരികൊളുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൂപിലൂടെ ഒരിടത്തുനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സ്റ്റോപ്പില്ലാതെ സഞ്ചരിക്കുന്ന വാഹനം മണിക്കൂറിൽ 160 കി.മീറ്റർ വേഗത്തിലാണ് ഓടുക. ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ പ്രകൃതി സൗഹൃദപരവുമായിരിക്കും. ലോക സർക്കാർ ഉച്ചകോടിയിൽ ശൈഖ് ഹംദാന്റെ സാന്നിധ്യത്തിലാണ് ബോറിങ് കമ്പനിയും ആർ.ടി.എയും കരാറിൽ ഒപ്പുവെച്ചത്.
2016ൽ ഇലോൺ മസ്ക് സ്ഥാപിച്ച ഒരു അടിസ്ഥാന സൗകര്യ, ഭൂഗർഭപാത നിർമാണ, സേവന കമ്പനിയാണ് ബോറിങ് കമ്പനി. ഭൂഗർഭ ഗതാഗത സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായാണ് ഇത് രൂപവത്കരിച്ചത്. വാഹനങ്ങൾ, ചരക്ക് ഗതാഗതം, അതിവേഗ ഗതാഗതം എന്നിവക്കായി ഉപയോഗിക്കാൻ കഴിയുന്ന ചെലവ് കുറഞ്ഞതും വേഗത്തിൽ നിർമിക്കാവുന്നതുമായ തുരങ്കങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.