ദുബൈയിൽ ഈ വർഷം 75 റോഡുകൾ നവീകരിക്കും
text_fieldsനവീകരണം പൂർത്തിയായ ദുബൈ റോഡ്
ദുബൈ: അനുദിനം വർധിക്കുന്ന വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ഈ വർഷം പ്രധാന മേഖലകളിലായി 75ൽ അധികം ഗതാഗതം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ നടപ്പിലാക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രധാന ജങ്ഷനുകളുടെ വികസനം, റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ പുതിയ എൻട്രി, എക്സിറ്റ് പോയന്റുകളുടെ നിർമാണം, സ്കൂൾ മേഖലകളിൽ വേഗത്തിലുള്ള ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കൽ എന്നിവയാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ആർ.ടി.എയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
കഴിഞ്ഞ വർഷം നഗരത്തിലെ തിരക്കേറിയ 50 മേഖലകളിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള വികസന പ്രവൃത്തികളാണ് പൂർത്തീകരിക്കാനായത്. പ്രധാന ജങ്ഷനുകളുടെ നവീകരണത്തോടൊപ്പം റോഡുകളുടെ ശേഷി 20 ശതമാനം വരെ വർധിപ്പിക്കാൻ കഴിഞ്ഞത് ഇതുവഴിയുള്ള യാത്ര സമയം 60 ശതമാനം വരെ കുറക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ബൈറൂത്ത് സ്ട്രീറ്റ് വീതികൂട്ടുകയും അൽ ഖവാനീജ് സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് എന്നിവ വികസിപ്പിക്കുകയും ചെയ്തു. കൂടാതെ, അൽ റബാത് സ്ട്രീറ്റിൽനിന്ന് ബിനിസ് ബേ ക്രോസിങ് വരെയുടെ പാത വികസനം, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ റബാത് സ്ട്രീറ്റ് വരെയുള്ള എക്സിറ്റ് വികസനം, അൽ ഖൈൽ റോഡിനെ മെയ്ദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് നിർമാണം എന്നിവയും വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
ദുബൈയിലുടനീളമുള്ള 37ൽ അധികം സ്കൂളുകളുടെ പരിസരങ്ങളിലായി എട്ട് ഗതാഗത നവീകരണ പ്രവൃത്തികളും പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. സ്കൂൾ മേഖലകൾക്ക് ചുറ്റുമുള്ള റോഡുകൾ വീതികൂട്ടൽ, അധിക പാർക്കിങ് ഇടങ്ങൾ സൃഷ്ടിക്കുക, എൻട്രി, എക്സിറ്റ് പോയന്റുകളുടെ വികസനം, തിരക്കില്ലാതാക്കി കാത്തിരിപ്പ് സമയം കുറക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടൽ എന്നിവയാണ് സ്കൂൾ പരിസരങ്ങളിലെ ഗതാഗത നവീകരണ പ്രവൃത്തികളിൽ ഉൾപ്പെടുന്നത്. ഉമ്മു സുഖൈം സ്ട്രീറ്റിലെ കിങ്സ് സ്കൂൾ, ഹെസ്സ സ്ട്രീറ്റിലെ ദുബൈ കോളജ്, അൽസഫയിലെ സ്കൂളുകൾ, അൽ വർഖ4, ഖിസൈസ്, അൽ മിഷർ, നാദൽ ശിബ, അൽ തവാർ2 എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.