ദുബൈ ടൂറിസം കുതിപ്പിൽ
text_fieldsദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം ദുബൈ ടൂറിസം മേഖലയിൽ വൻ കുതിപ്പ് തുടരുന്നു. ഈ വർഷം ആദ്യ നാലുമാസത്തിൽ റെക്കോർഡ് എണ്ണം വിനോദസഞ്ചാരികളാണ് എത്തിച്ചേർന്നതെന്ന് ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ 51ലക്ഷം സഞ്ചാരികളാണ് യു.എ.ഇയിൽ വിമാനമിറങ്ങിയത്. 203ശതമാനമാണ് മുൻ മാസങ്ങളെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ എമിറേറ്റിലുടനീളം ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം 76 ശതമാനം വർധിച്ചിട്ടുമുണ്ട്. കോവിഡ് വ്യാപന കാലത്ത് വലിയ രീതിയിൽ കൂപ്പുകുത്തിയ രംഗങ്ങളെല്ലാം തിരിച്ചു വരവിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത് ഈ കണക്കുകൾ വയക്തമാക്കുന്നു.
2022ന്‍റെ ആദ്യ പാദത്തിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിച്ച പട്ടണമാണ് ദുബൈ. ഹോട്ടൽ ഒക്യുപെൻസി ഈ സമയത്ത് 82ശതമാനമായിരുന്നു. കോവിഡിനെ ഏറ്റവും ആസൂത്രിതമായ രീതിയിൽ പ്രതിരോധിക്കാനും വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാനും സാധിച്ചതാണ് യു.എ.ഇക്ക് യാത്ര മേഖലയിൽ മുന്നേറ്റത്തിന് സാധിച്ച ഘടകം. യു.എ.ഇയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച വിശ്വാസം ലോകതലത്തിൽ വർധിക്കാൻ ഇക്കാലത്തെ നടപടികൾ കാരണമായി. എക്സ്പോ 2020 ദുബൈ പോലുള്ള അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പരിപാടികളും വിനോദ സഞ്ചാരികളുടെ ഒഴുക്കിന് സഹായിച്ചു.
സുരക്ഷതത്വവും യു.എ.ഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന സുപ്രധാന ഘടകമാണ്. യു.കെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ 'ഇൻഷ്യുർ മൈട്രിപ്' നടത്തിയ പഠനമനുസരിച്ച്, കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതിനാൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരമാണ് ദുബൈ. പ്രാഥമിക കണക്കുകൾ പ്രകാരം 2019 ലെ ചെറിയ പെരുന്നാൾ കാലത്തിനെ അപേക്ഷിച്ച് ദുബൈ ഹോട്ടലുകൾ ഒക്യുപെൻസിയിൽ ഏറെ മുന്നേറിയതായി എസ്.ടി.ആർ ഗ്ലോബലിന്‍റെ ഡാറ്റകൾ വെളിപ്പെടുത്തുന്നു. ഇതിനനുസരിച്ച് ഹോട്ടലുകളിലെ നിരക്കും വർധിച്ചിട്ടുണ്ട്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് വരും മാസങ്ങളിലും കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.