ദുബൈ ട്രാം യാത്രികരുടെ എണ്ണം 5.2കോടി കടന്നു
text_fieldsദുബൈ: നഗരത്തിലെ ഗതാഗത രംഗത്തെ പുതിയ സംവിധാനങ്ങളിലൊന്നായ ദുബൈ ട്രാമിൽ യാത്ര ചെയ്തവരുടെ എണ്ണം 5.2കോടി പിന്നിട്ടു. 2014 നവംബർ 11ന് ആരംഭിച്ച ട്രാമിന്റെ പ്രവർത്തനം ഒമ്പതു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കണക്കുകൾ പുറത്തുവിട്ടത്. ഗ്രൗണ്ട് ബേസ്ഡ് വൈദ്യുതി സംവിധാനത്തിൽ പ്രവർത്തിക്കുന്ന യൂറോപ്പിന് പുറത്തെ ആദ്യ ട്രാം സംവിധാനമാണ് ദുബൈ ട്രാം. ദുബൈ മെട്രോ, ബസ് സർവിസുകൾ എന്നിവയടക്കമുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ട്രാം സർവിസ് ഉപയോഗിക്കുന്നത് നിരവധിപേരാണ്.
വിവിധ ഘട്ടങ്ങളിലായി യാത്രക്ക് എളുപ്പമാകുന്ന രൂപത്തിൽ നിരവധി നവീകരണങ്ങൾ ട്രാമിൽ കൊണ്ടുവന്നിട്ടുണ്ട്. മികച്ച പ്രവർത്തനം, സമയനിഷ്ഠ, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം എന്നിവയാണ് ട്രാമിനെ സ്വീകാര്യമാക്കിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അൽ സുഫൂഹ് റോഡിന് സമാന്തരമായി കടന്നുപോകുന്ന അൽ സുയൂഫ് സ്റ്റേഷൻ മുതൽ ജുമൈറ ലേക്സ് ടവേഴ്സ് സ്റ്റേഷൻ വരെയുള്ള റൂട്ടിൽ 11 സ്റ്റേഷനുകൾ വഴി യാത്ര ചെയ്യാൻ 42 മിനിറ്റാണ് വേണ്ടത്. ഈ യാത്രയിൽ പാം ജുമൈറ, ദുബൈ നോളജ് പാർക്, ദുബൈ മീഡിയ സിറ്റി, ജി.ബി.ആർ, ദുബൈ മറീന എന്നിവയടക്കം ദുബൈയിലെ വിവിധ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ കടന്നുപോകുന്നുണ്ട്.
നിലവിൽ 11ട്രാമുകളാണ് ദുബൈയിൽ സർവിസ് നടത്തുന്നത്. ഓരോ ട്രാമിനും ഏഴ് വീതം കമ്പാർട്ട്മെന്റുകളാണുള്ളത്. ഗോൾഡ് ക്ലാസ്, സിൽവർ ക്ലാസ്, എന്നിവയും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കമ്പാർട്ടുമെന്റുകളും ഇതിൽ ഉൾപ്പെടും. ട്രാമിന്റെ സഞ്ചാരവും ഡ്രൈവർമാരുടെ പ്രവർത്തനവും നിരീക്ഷിക്കാൻ മുഴു സമയ മോണിറ്ററിങ് കേന്ദ്രവുമുണ്ട്. വൈദ്യുതി സംവിധാനങ്ങളും ട്രാഫിക് സിഗ്നലുകളും ഉൾപ്പെടെയുള്ള അവശ്യ പ്രവർത്തന സംവിധാനങ്ങളും ഇത് നിരീക്ഷിക്കും. ദുബൈ ഗതാഗത രംഗത്തെ വലിയ പദ്ധതികളിലൊന്നായ ദുബൈ ട്രാം എമിറേറ്റിന്റെ പുരോഗതിയെയും ആധുനികതയെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.