ദുബൈയെ വൃത്തിയാക്കി നിലനിർത്താൻ 2200 ജീവനക്കാരെ നിയോഗിക്കും
text_fieldsദുബൈ: മനുഷ്യ മനസു മാത്രമല്ല അവർ താമസിക്കുന്ന നഗരവും സമ്പൂർണ വൃത്തിയിലാണെന്ന് ഉറപ്പാക്കാനുള്ള നിതാന്ത ശ്രമത്തിലാണ് ദുബൈ നഗരസഭ. 2200 ജീവനക്കാരെയാണ് റമദാനിൽ നഗരം വെടിപ്പായി നിലനിർത്താൻ നിയോഗിച്ചിരിക്കുന്നത്. റോഡുകൾ, ദുബൈ, ജദ്ദാഫ് ക്രീക്കുകൾ, ദേര,ബിസിനസ് ബേ, ദുബൈ കനാലുകൾ എന്നിവ വൃത്തിയാക്കി നിലനിർത്തും. മാലിന്യങ്ങൾ കുറക്കാനുള്ള ബോധവത്കരണവും ശക്തമായി നടക്കും.
ഖിസൈസിലെ മാലിന്യ നിക്ഷേപ കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് അബ്ദുൽ അസീസ് അൽ സൈഫാഇ വ്യക്തമാക്കി. ഇവിടെ നാല് ഷിഫ്റ്റുകളിലായി ജോലി നടക്കും.
നിർമാണ സ്ഥലങ്ങളിലെ മാലിന്യങ്ങൾ തള്ളുന്ന അൽ ബയാദ കേന്ദ്രം പുലർച്ചെ അഞ്ചു മുതൽ വൈകീട്ട് അഞ്ച് വരെയും രാത്രി ഒമ്പതു മുതൽ വൈകീട്ട് അച്ചു വരെയും പ്രവർത്തിക്കും. ഇഫ്താറിന് സൗകര്യമൊരുക്കാൻ വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെ മാത്രമാണ് അടച്ചിടുക.
ഹബ്ബാബ്, വർസാൻ നിക്ഷേപ കേന്ദ്രങ്ങൾ വെള്ളിയാഴ്ചകളിൽ ഒഴികെ പുലർച്ചെ അഞ്ചു മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. അതീവശ്രദ്ധവേണ്ടതും ആശുപത്രികളിലേയും മാലിന്യങ്ങൾ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ നിക്ഷേപിക്കാം.പള്ളികൾക്കും റമദാൻ പരിപാടികളും ഇഫ്താറും നടക്കുന്ന ടെൻറുകൾക്കരികിലുമായി 242 മാലിന്യ വീപ്പകൾ പുതുതായി സ്ഥാപിക്കുന്നുണ്ട്. എല്ലാ വിധ ഉപകരണങ്ങളും ജീവനക്കാർക്ക് ലഭ്യമാക്കുന്നതായും സൈഫാഇ പറഞ്ഞു.
ഇതിനു പുറമെ അടിയന്തിര സേവനത്തിന് സുസജ്ജരായ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്് 12 മേൽനോട്ട ഉദ്യോഗസ്ഥരും 65 ശുചീകരണ ജീവനക്കാരും എല്ലാ വിധ ആധുനി മാലിന്യ സംഭരണ^സംസ്കരണ സുരക്ഷാ ഉപകരണങ്ങളുമായി തയ്യാറായി നിൽക്കുന്നുണ്ടാവും. പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങളോ പരാതികളോ ലഭിച്ചാലുടൻ ഇവരുടെ സേവനവും ലഭ്യമാക്കും. ജീവനക്കാർക്കും തൊഴിലാളികൾക്കുമായി സമൂഹ ഇഫ്താറും സാംസ്കാരിക പരിപാടികളും ഒരുക്കുന്നുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.