ബന്ധുക്കളെ സഹായിച്ച് കുരുക്കിലായി; കടത്തിലും കേസിലും കുടുങ്ങി യുവതിയുടെ ദുരിത ജീവിതം
text_fieldsദുബൈ: സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കാൻ സ്വന്തം പേരിൽ വായ്പ എടുത്ത് നൽകുന്നത് പുതിയ സംഭവമല്ല, മറ്റാർക്കെങ്കിലും വേണ്ടി ചെയ്ത സഹായം കുരുക്കായി മാറുന്നതും ധാരാളം. ഉറ്റബന്ധുക്കളെ അത്തരത്തിൽ സഹായിച്ച് കടക്കെണിയിലും കേസിലും കുടുങ്ങിയതു മൂലം പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ചു പോലും നാട്ടിലേക്ക് മടങ്ങാനാവാതെ കണ്ണീർ കുടിക്കുകയാണ് ഒരു യുവതി. സഹോദരി ഭർത്താവും സഹോദരിയും ചേർന്ന് തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി മലയാളിയായ രഞ്ജിനി ആർ. നായരാണ് അധികൃതരെ സമീപിച്ചിരിക്കുന്നത്.
ചേച്ചി രാജിയും മാവേലിക്കര സ്വദേശിയായ ഭർത്താവ് ബിജുക്കുട്ടനും ചേർന്ന് റാസൽഖൈമയിൽ നടത്തിയിരുന്ന ഗോൾഡ് ഹോൾസെയിൽ കമ്പനിയുടെ ഇംപോർട്ട്^ എക്പോർട്ട് മാനേജർ ജോലിയിലേക്കായി 2013 സെപ്റ്റംബറിലാണ് രഞ്ജിനി യു.എ.ഇയിൽ എത്തുന്നത്. വിസയിൽ വലിയ തസ്തിക രേഖപ്പെടുത്തിയിരുന്നെങ്കിലും ഫ്രണ്ട് ഒാഫീസ ജോലിക്കാണ് നിയോഗിച്ചിരുന്നതെന്ന് ഇവർ പറയുന്നു. ഏറെ സ്നേഹത്തോടെ കഴിഞ്ഞുേപാരുന്നതിനിടെ മാതാപിതാക്കളെയും യു.എ.ഇയിൽ എത്തിച്ചു. അടുത്ത വർഷം ആഗസ്റ്റിൽ ബിസിനസ് വിപുലനത്തിനായി ബാങ്കുകളിൽ നിന്ന് വായ്പ എടുത്തു സഹായിക്കാൻ സഹോദരി ഭർത്താവ് ആവശ്യപ്പെട്ടു. ഇതിനകം വലിയ തുക വായ്പ എടുത്തിട്ടുള്ളതിനാൽ തങ്ങൾക്ക് ഇനി ലോൺ കിട്ടില്ലെന്നും അത്യാവശ്യമായതിനാൽ രഞ്ജിനിയുടെ പേരിൽ എടുക്കണമെന്നുമായിരുന്നു ആവശ്യം. തിരിച്ചടവിെൻറ കാര്യം അവർ നോക്കുമെന്നും ഉറപ്പു നൽകി.
എമിറേറ്റ്സ് എൻ.ബി.ഡി, എഫ്.ജി.ബി എന്നിവിടങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ ദിർഹം വായ്പയും ക്രെഡിറ്റ് കാർഡും എടുപ്പിച്ച ശേഷം പണം സഹോദരി ഭർത്താവാണ് കൈകാര്യം ചെയ്തിരുന്നത്. അടിയന്തിരമായി നാട്ടിൽ പോവേണ്ട ആവശ്യമുണ്ടെന്നും ഉടൻ തിരിച്ചു വന്ന് കടം വീട്ടാമെന്നും പറഞ്ഞ് പോയവർ ഇതു വരെ മടങ്ങി വന്നിട്ടില്ല. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ രഞ്ജിനിക്കെതിരെ കേസു നൽകി. കോൺസുലേറ്റ് മുഖേന മധ്യസ്ഥൻ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായി. പലരിൽ നിന്ന് സഹായവും വായ്പയും വാങ്ങി ആ തുകകൾ അടച്ചു തീർത്തു. അതിനുശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് സ്പോൺസർ നൽകിയ കേസ് നിലനിൽക്കുന്നതായി അറിഞ്ഞത്.
മുഖ്യപ്രതികളായ സഹോദരി ഭർത്താവും സഹോദരിയും ഒളിവിലാകയാൽ രഞ്ജിനിയെയും കേസിൽ പ്രതി ചേർത്തിരിക്കുകയാണ്. അതിനിടെ നാട്ടിലെത്തിയ തെൻറ പിതാവിനെയും കള്ളക്കേസിൽ കുടുക്കിയതായി ഇവർ ആരോപിക്കുന്നു. വിസ കാലാവധി തീർന്ന നിലയിലാണ് രഞ്ജിനിയും മാതാവും മകനും യു.എ.ഇയിൽ തങ്ങുന്നത്. പൊതുമാപ്പ് കാലയളവിൽ പ്രശ്ന പരിഹാരമുണ്ടായാൽ വൻ തുകയുടെ ബാധ്യതയിൽ നിന്ന് ഒഴിവായി നാട്ടിലേക്ക് മടങ്ങാൻ കഴിയും. എന്നാൽ തികച്ചും നിരപരാധിയായ സംഭവത്തിൽ സ്പോൺസർ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ യു.എ.ഇയിൽ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് ആനുകൂല്യവും ഉപയോഗിക്കുവാന് കഴിയുന്നില്ല. തന്റെ ഇമെയില് ഹാക്ക്ചെയ്ത് അതിൽ നിന്ന് പലർക്കും മോശം സന്ദേശങ്ങളും അയച്ച് ദ്രോഹിച്ചതായും രഞ്ജിനി കേരള ഡി.ജി.പിക്ക് അയച്ച പരാതിയിൽ പറയുന്നു.
ബന്ധുക്കളുടെ കൊടും വഞ്ചന മൂലം യുവതിയും വൃദ്ധയായ മാതാവും കുഞ്ഞും കടുത്ത യാതന അനുഭവിക്കുകയാണെന്ന് വിഷയത്തിൽ ഇടപെട്ട ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു.എ.ഇ കമ്മിറ്റി അധ്യക്ഷൻ അബ്ദുൽ മജീദ് പാടൂർ, ലീഗൽ സെൽ കൺവീനർ അഡ്വ. ഫരീദ് എന്നിവർ പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും നോർക്ക മുഖേന കേരളത്തിലും പരാതി നൽകി നിയമപരമായി മുന്നോട്ടുപോകുവാനാണ് പദ്ധതിയെന്നും ഇവർ വ്യക്തമാക്കി. പരാതിയിലെ കുറ്റാരോപിതരായ ബിജുക്കുട്ടൻ മാധവൻ, ഭാര്യ രാജി ആർ. നായർ എന്നിവരെ പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.