സഹിഷ്ണുതയുടെ വർഷം, സായൂജ്യത്തിെൻറയും
text_fieldsദുബൈ: ഒരു കലണ്ടർ വർഷംകൂടി മറിയുേമ്പാൾ െഎക്യ അറബ് നാടുകൾക്ക് ഒാർത്തുവെക്കാനും അഭിമാനിക്കാനും മുഹൂർത്തങ്ങളേറെ. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഉയർത്തിപ്പിടിച്ച ഏറ്റവും വലിയ മൂല്യങ്ങളിലൊന്നായ സഹിഷ്ണുതയായിരുന്നു ഇൗ വർഷത്തെ ദേശീയ പ്രമേയം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിെൻറ ആഹ്വാന പ്രകാരം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച വർഷാചരണവും അനുബന്ധ നയങ്ങളും രാജ്യത്തിെൻറ മികവ് പതിൻമടങ്ങ് തിളക്കമുള്ളതാക്കി. ഒാരോ വിഷയത്തിലും സഹിഷ്ണുതാ മൂല്യത്തിെൻറ പതാക ഉയർത്തിപ്പിടിച്ചാണ് രാഷ്ട്രം മുന്നേറിയത്.
ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാർപാപ്പക്ക് അബൂദബിയില്‍ ഒരുക്കിയ വൻ വരവേൽപ് തന്നെ പ്രഖ്യാപിത മൂല്യങ്ങളുമായി യു.എ.ഇ എത്രമാത്രം ചേർന്നുനിൽക്കുന്നു എന്നതിെൻറ മികച്ച തെളിവായിരുന്നു. ഏറ്റവും പ്രിയപ്പെട്ടവരുടെ വീട്ടിൽ വിരുന്നെത്തിയ സന്തോഷത്തോടെയാണ് മാർപാപ്പ മടങ്ങിയത്. പാപ്പയെ കാണുക ജന്മാഭിലാഷമായി കരുതിയിരുന്ന മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് അത് സാഫല്യത്തിെൻറ ദിനങ്ങളുമായിരുന്നു. ആഗോള മാധ്യമങ്ങളുടെ വൻ സംഘമാണ് ഇതോടനുബന്ധിച്ച് യു.എ.ഇയിലെത്തിയത്. ഇൗ രാഷ്ട്രം അതിെൻറ പൗരൻമാരെയും വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പ്രവാസികളെയും തുല്യതയോടെ ചേർത്തുപിടിക്കുന്ന മനോഹര ചിത്രം ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചാണ് അവർ തിരിച്ചുപോയത്.
അബൂദബിയില്‍ അബ്രഹാമിക് ഹൗസ് എന്ന പേരില്‍ ക്രൈസ്തവ, മുസ്ലിം, ജൂത ആരാധാനാലയ സമുച്ചയത്തിന് പദ്ധതി തയാറാക്കിയത് സഹിഷ്ണുതയുടെ മറ്റൊരു നാഴികക്കല്ലായി. അബൂദബിയില്‍ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത് ഇന്ത്യൻ സമൂഹത്തിനു പുറമെ ആഗോള ജനതയും ഏറെ സന്തോഷത്തോടെയാണ് കാണുന്നത്. സഹിഷ്ണുതയുടെയും സാംസ്കാരിക െഎക്യത്തിെൻറയും ആഗോള കേന്ദ്രം എന്ന നിലയിൽ യു.എ.ഇ ഒരുപടികൂടി മുന്നേറുകയായിരുന്നു. തലസ്ഥാന എമിറേറ്റായ അബൂദബിയിൽ നിരവധി ആരാധനാലയങ്ങൾക്കാണ് പോയവർഷം അനുമതി നൽകിയത്.
ശാരീരിക-മാനസിക പ്രതിസന്ധികൾ നേരിടുന്ന മനുഷ്യർക്ക് ഏറ്റവും പ്രതീക്ഷ പകരുന്ന ഒേട്ടറെ നിയമങ്ങളും സൗകര്യങ്ങളും സംവിധാനങ്ങളുമാണ് രാജ്യം മുന്നോട്ടുവെച്ചത്. സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ഏെറ ശ്രദ്ധേയമായ സ്പെഷൽ ഒളിമ്പിക്സ് അതിെൻറ വലിയ ഒരു അടയാളം കൂടിയായി മാറി. സ്പെഷൽ ഒളിമ്പിക്സിൽ പെങ്കടുക്കാനെത്തിയ താരങ്ങൾക്ക് ഒരുക്കിയ സൗകര്യങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാൾ ഏറെ മുകളിലായിരുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സംഘാടന മികവിൽ അഭിനന്ദിക്കാൻ മാത്രമായി പാരാ ഒളിമ്പിക്സ് കമ്മിറ്റി ചെയർമാൻ യു.എ.ഇയിൽ എത്തിയിരുന്നു.
ഫുട്ബാളിനെ നെഞ്ചേറ്റുന്നവർക്ക് ആവേശമായി എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളും ലോക ക്ലബ് ഫുട്ബാളും യു.എ.ഇയിൽ വിരുന്നെത്തി. ഉന്നതമായ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചാണ് സ്വദേശികളും പ്രവാസികളും ഇരു ഫുട്ബാൾ മാമാങ്കങ്ങളും ആഘോഷിച്ചത്. വിവിധ രാജ്യങ്ങളിൽനിന്ന് യു.എ.ഇയിൽ എത്തി ശാസ്ത്രീയ-സാമ്പത്തിക-സാംസ്കാരിക വളർച്ചക്ക് സംഭാവന നൽകുന്നവർക്ക് ദീർഘകാല വിസ നൽകുന്ന പദ്ധതിയാണ് എടുത്തുപറയേണ്ട മറ്റൊരു നാഴിക കല്ല്. മലയാളികൾ ഉൾപ്പെടെ നിരവധി വ്യവസായികൾക്ക് ഗോൾഡ് കാർഡ് വിസ ലഭിച്ചു. ശാസ്ത്രജ്ഞർ, പ്രഫഷനലുകൾ, കലാകാരന്മാർ തുടങ്ങിയവർക്കും ദീർഘകാല വിസ അനുവദിക്കുന്നുണ്ട്. യു.എ.ഇയുടെ സ്വപ്ന ദൗത്യമായ ബഹിരാകാശ യാത്ര സാധ്യമായതാണ് മറ്റൊരു പൊൻതൂവൽ. ഹസ്സ അൽ മൻസൂറി സെപ്റ്റംബർ 25ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നു. എട്ടു ദിവസം പരീക്ഷണ നിരീക്ഷണങ്ങളുമായി അവിടെ തങ്ങി ഒക്ടോബര്‍ മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ അറബ് പര്യവേക്ഷകനാണ് ഹസ്സ. അടുത്ത സഞ്ചാരിക്കായി രാഷ്ട്രം അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ചൊവ്വാ ദൗത്യത്തിെൻറ പ്രയത്നങ്ങളും ശക്തമാക്കിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ യു.എ.ഇ സന്ദർശനം ഏറെ പ്രതീക്ഷ പകരുന്നതായിരുന്നു. രണ്ടു തവണയാണ് മുഖ്യമന്ത്രി ഇൗ വർഷം യു.എ.ഇയിലെത്തിയത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇൻഡോ-അറബ് മേളയായ ഗൾഫ് മാധ്യമം കമോൺ കേരളയുടെ ഉദ്ഘാടന വേദിയിൽ ആയിരങ്ങളുമായി മുഖ്യമന്ത്രി സംവദിച്ചു. ലോക കേരള സഭ തീരുമാനത്തിെൻറ ഭാഗമായ രണ്ട് ഉച്ച കോടികളിലും അദ്ദേഹം ജനങ്ങളുമായി ആശയവിനിമയം നടത്തി. കേരളത്തിൽ നിക്ഷേപമിറക്കാൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ചതും നേട്ടമായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യു.എ.ഇ പര്യടനം അവിസ്മരണീയമായിരുന്നു. ആയിരങ്ങളെ അഭിസംബോധന ചെയ്ത രാഹുൽ ശൈഖ് മുഹമ്മദ്, ശൈഖ് സുൽത്താൻ എന്നിവരെ സന്ദർശിച്ചാണ് മടങ്ങിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിന് ഇക്കുറി കൂടുതൽ പ്രധാന്യമുണ്ടായിരുന്നു. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഒാർഡർ ഒാഫ് സായിദ് ഏറ്റുവാങ്ങാനാണ് മോദി എത്തിയത്. രുപേ കാർഡ് ഉപയോഗിച്ച് യു.എ.ഇയിൽ സാമ്പത്തിക ഇടപാടുകളും ആരംഭിച്ചു. ദുബൈ ഡ്യൂട്ടിഫ്രീയിൽ ഉൾപ്പെടെ ഇന്ത്യൻ രൂപ നൽകി വിനിമയവും നടത്താൻ കഴിയുമിപ്പോൾ.
യു.എ.ഇയുമായി മികച്ച ബന്ധം പുലർത്തിയിരുന്ന, പ്രവാസികളുടെ പ്രിയങ്കരിയായിരുന്ന മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ വിയോഗം യു.എ.ഇ അധികൃതരെയും ഇന്ത്യൻ പ്രവാസികളെയും ദുഃഖത്തിലാഴ്ത്തി. ഫെബ്രുവരി അവസാനം നടന്ന ലോക ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സുഷമ സ്വരാജ് അവസാനമായി യു.എ.ഇയിലെത്തിയത്. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലിംകളുടെ ഉന്നമനത്തിന് ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെച്ച ഉച്ചകോടി മുസ്ലിംകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ചർച്ച ചെയ്തു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.