നൂതന ഫുഡ് ടെക് വാലിയുമായി ദുബൈ; ലക്ഷ്യം ആഗോള ബിസിനസ് ഹബ്
text_fieldsദുബൈ: സംരംഭകരും വ്യവസായികളും ആഗോളതലത്തിൽ തേടുന്ന ബിസിനിസ് ഹബ്ബായി നിലനിർത്താനും ദുബൈയുടെ സമ്പദ് വ്യവസ്ഥക്ക് സംഭാവനകൾ നൽകാനും നൂതന ഫുഡ് ടെക് വാലി ദുബൈയിൽ തുടങ്ങി. കുതിപ്പിലേക്ക് നീങ്ങുന്ന ആഗോള ഭക്ഷ്യമേഖല ലക്ഷ്യമിട്ടാണ് പുതിയ ചുവടുവെപ്പുമായി ദുബൈ നീങ്ങുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഫുഡ് ടെക് വാലി അനാച്ഛാദനം ചെയ്തു. ഫുഡ് ടെക് വാലിയുടെ ആദ്യ ഘട്ടം ഞങ്ങൾ ആരംഭിച്ചു. പുതിയതും ഉൗർജസ്വലവുമായ നഗരം, അത് സ്റ്റാർട്ടപ്പുകൾക്കും ഫുഡ് ഇക്കോസിസ്റ്റത്തിലെ വ്യവസായ വിദഗ്ധർക്കും ആഗോള ലക്ഷ്യസ്ഥാനമായി വർത്തിക്കും.
വെർട്ടിക്ക്ൾ കൃഷിയും മറ്റ് നൂതന കാർഷിക സാങ്കേതികവിദ്യകളും വികസിപ്പിക്കാനും യു.എ.ഇയുടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പുതിയ ഭക്ഷ്യ സാങ്കേതിക കേന്ദ്രം സഹായിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഗവേഷണ-വികസന സൗകര്യങ്ങൾ, ഇന്നൊവേറ്റിവ് കേന്ദ്രം, സ്മാർട്ട് ഫുഡ് ലോജിസ്റ്റിക് ഹബ്, വെർട്ടിക്ക്ൾ കൃഷിക്ക് വേണ്ടിയുള്ള മേഖലകൾ എന്നിവയാണ് ഫുഡ് ടെക് വാലിയിലെ പ്രധാന കേന്ദ്രങ്ങൾ. യു.എ.ഇയുടെ ഭക്ഷ്യ വ്യാപാരം പ്രതിവർഷം 100 ബില്യൺ ദിർഹം (27.2 ഡോളർ) കവിയുന്നു. നമ്മുടെ രാജ്യം ഒരു ആഗോള ഭക്ഷ്യ ലോജിസ്റ്റിക് കേന്ദ്രമാണ്.
പുതിയ കാർഷിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഭാവിയിലെ ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുന്നതിനും അഗ്രി ബിസിനസുകൾ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത് -ഭക്ഷ്യസുരക്ഷ സഹമന്ത്രി മറിയം അൽ മെഹിരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെയും വളർന്നുവരുന്ന കാർഷിക സാങ്കേതിക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലൂടെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ യു.എ.ഇ മുൻപന്തിയിലാണ്.
കാർഷിക സാങ്കേതിക കമ്പനികളായ എയ്റോഫാംസ്, മദർ ഫാംസ്, ആർ.എൻ.സെഡ്, ആർ.ഡി.ഐ എന്നിവക്ക് അഗ്രിടെക് ഗവേഷണ വികസന സൗകര്യങ്ങളും അബൂദബിയിലെ ഉൽപാദന കേന്ദ്രങ്ങളും നിർമിക്കാൻ കഴിഞ്ഞ വർഷം അബൂദബി ഇൻവെസ്റ്റ്മെൻറ് ഓഫിസ് 100 മില്യൺ ഡോളർ (367 മില്യൺ ദിർഹം) നൽകി.
വരണ്ട കാലാവസ്ഥയുള്ള രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യകളിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് പര്യവേക്ഷണം ചെയ്യുകയാണ് അവരുടെ ലക്ഷ്യം. ജല ഉപയോഗം കുറക്കുന്നതിനൊപ്പം ആഭ്യന്തര ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കാൻ അഗ്രിടെക് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ വെർട്ടിക്ക്ൾ ഫാമുകളാണ് മികവ് പുലർത്തുന്നത്. സാധാരണയായി, ലംബ കൃഷിയിൽ പരമ്പരാഗത കൃഷിയേക്കാൾ 90 ശതമാനം കുറവ് വെള്ളം മതി. ലംബ ഫാമുകളിലൂടെ ജല ഉപഭോഗം കുറക്കുന്നതിലൂടെ സാമ്പത്തികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.