ദുബൈ വേൾഡ് കപ്പ് 2025;പാസ്പോർട്ടിൽ സ്റ്റാമ്പ് പതിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ എയർപോർട്ടിലെ യാത്രക്കാരുടെ പാസ്പോർട്ടിൽ പതിപ്പിച്ച വേൾഡ് കപ്പ് സ്റ്റാമ്പ്
ദുബൈ: ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ദുബൈ വേൾഡ് കപ്പ് 2025ന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ദുബൈ താമസ, കുടിയേറ്റ വകുപ്പ്.
ഏപ്രിൽ മൂന്നു മുതൽ ഒമ്പതുവരെ ദുബൈ വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്പോർട്ടുകളിൽ സ്റ്റാമ്പ് പതിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയ മത്സരങ്ങളിലൊന്നായ ദുബൈ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായാണ് സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത്. സന്ദർശകരുടെ പാസ്പോർട്ടുകളിൽ ഒരു ശാശ്വതമായ ഓർമപ്പെടുത്തലായി സ്റ്റാമ്പ് വർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പാസ്പോർട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ച് ചാമ്പ്യൻഷിപ് പങ്കാളികളുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികൾക്ക് പിന്തുണ നൽകാനും യാത്രക്കാർക്ക് സവിശേഷമായ സ്വാഗതാനുഭവം നൽകാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.
യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികൾക്ക് പിന്തുണ നൽകാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.