ദുബൈ വേൾഡ് കപ്പ് നാളെ; വിജയിക്ക് സമ്മാനം 1.2 കോടി ഡോളർ
text_fieldsകഴിഞ്ഞ വർഷം നടന്ന ദുബൈ വേൾഡ് കപ്പ് (ഫയൽ ചിത്രം)
ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിന് ഏപ്രിൽ അഞ്ചിന് തുടക്കമാവും. ദുബൈ മെയ്ദാൻ റേസിങ് റേസ് കോഴ്സിലാണ് വേൾഡ് കപ്പിന്റെ 29ാമത് എഡിഷൻ അരങ്ങേറുക. വിജയികൾക്ക് ആകെ സമ്മാനത്തുക 3.5 കോടി ഡോളറാണ്. എമിറേറ്റ്സ് സ്പോൺസർ ചെയ്യുന്ന പ്രധാന റേസിൽ വിജയിക്കുന്നവർക്ക് 1.2 കോടി ഡോളർ സമ്മാനമായി ലഭിക്കും.
15 രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മുന്തിയ കുതിരകൾ ഒമ്പത് ഇനങ്ങളിലായി ഇത്തവണ മാറ്റുരക്കും. ദുബൈയിൽ ഏറ്റവും മികച്ച രീതിയിൽ നടത്തപ്പെടുന്ന കായിക പരിപാടികളിലൊന്നാണ് ദുബൈ ലോകകപ്പ്. 1996ൽ ആരംഭിച്ചതു മുതൽ ദുബൈ വേൾഡ് കപ്പ് ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മത്സരങ്ങളുടെ ഭാഗമായി ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഷോകൾ ലോക റെക്കോഡ് നേടിയിരുന്നു. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4000 സ്പെഷലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് വർണവിസ്മയം തീർക്കുന്ന ഷോ കഴിഞ്ഞ വർഷം അരങ്ങേറിയത്.
ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്റെതുൾപ്പെടെയുള്ള കുതിരകളും മത്സരത്തിൽ മാറ്റുരച്ചിരുന്നു. ഇത്തവണ 170 രാജ്യങ്ങളിൽ വേൾഡ് കപ്പിന്റെ തത്സമയ സംപ്രേഷണം നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ചാനൽ 7 ഉൾപ്പെടെ 37 സംപ്രേഷണ സ്ഥാപനങ്ങളാണ് പരിപാടി തത്സമയം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നത്.
80,000ത്തിലധികം കാണികൾ ഗാലറിയിലെത്തുമെന്നാണ് കണക്ക്. വൈകീട്ട് 3.45 മുതൽ ഒമ്പത് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. 10 ലക്ഷം ഡോളർ മുതൽ 60 ലക്ഷം ഡോളർ വരെ സമ്മാനമുള്ളതാണ് ഓരോ റൗണ്ടും.
ഒമ്പത് തവണ കപ്പ് നേടിയ ഗോഡോൾഫിന്റെ സഈദ് ബിൻ സുറൂറാണ് ഇതുവരെ ഏറ്റവും കൂടുതൽ ജേതാവായ പരിശീലകൻ.
നാലുതവണ കിരീടത്തിലേക്ക് കുതിച്ചെത്തിയ ജെറി ബെയ്ലിയാണ് കൂടുതൽ തവണ ഒന്നാമതെത്തിയ ജോക്കി. കുതിരപ്പന്തയം ആസ്വദിക്കാൻ 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.