ഗ്ലോബൽ വില്ലേജിൽ ചിറകുവിടർത്തി ഭീമൻ ഫാൽക്കൺ
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും ആകർഷണീയമായ വിനോദകേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി മറ്റൊരു അത്ഭുതംകൂടി എത്തി. ഇരുമ്പിൽ തീർത്ത പ്രകാശപൂരിതമായ ഭീമൻ ഫാൽക്കണിന്റെ ശിൽപമാണ് സന്ദർശകരെ ആകർഷിക്കുന്നത്. യു.എ.ഇയുടെ ദേശീയ പക്ഷിയോടുള്ള ആദരസൂചകമായാണ് ഭീമൻ ഫാൽക്കൺ പ്രതിമ നിർമിച്ചത്.
എട്ടു മീറ്ററോളമാണ് പക്ഷിയുടെ ഉയരം. 22 മീറ്റർ നീളത്തിൽ ചിറകുവിടർത്തി നിൽക്കുന്ന പക്ഷിയുടെ ഭാരം 8,000 കിലോഗ്രാമാണ്. പക്ഷിയെ പ്രകാശപൂരിതമാക്കാനായി ഉപയോഗിച്ചത് 50,000ത്തിലധികം ലൈറ്റുകളാണ്. ദുബൈയിൽ മികച്ച ഇൻസ്റ്റഗ്രാം സ്പോട്ട് തിരയുന്നവർക്ക് മനോഹരമായ കാഴ്ചയാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകാശപൂരിതമായ ഫാൽക്കൺ ഇരുമ്പ് ശിൽപമെന്ന ഗിന്നസ് വേൾഡ് റെക്കോഡും ഇത് കരസ്ഥമാക്കി. യു.എ.ഇയുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണ് പുതുതായി നിർമിച്ച ഭീമൻ ഫാൽക്കൺ.
ലോകത്തെ 25 രാജ്യങ്ങളുടെ മിനിയേച്ചർ പതിപ്പുകളും പാചകരീതികളും രുചിവൈവിധ്യങ്ങളും കൊണ്ട് കുടുംബങ്ങളുടെ ഇഷ്ടവിനോദ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. ഓരോ വർഷവും ലക്ഷക്കണക്കിന് പേർ ഈ ആഗോള ഗ്രാമത്തിൽ സന്ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്. പുതുവത്സര രാവിൽ ഏഴു തവണയായി നടന്ന ആഘോഷങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.