ദുബൈ നടന്നു കാണാൻ വമ്പൻ നടപ്പാത പദ്ധതി
text_fieldsദുബൈ: കാൽനട സൗഹൃദ നഗരമായി മാറാൻ തയാറെടുത്ത് ദുബൈ നഗരം. ഇതിനായി ‘ദുബൈ വാക്ക്’ എന്ന പേരിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് വൻ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ നടപ്പാതകളും 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി.
ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽനിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ദുബൈയെ കാൽനട സൗഹൃദ നഗരമാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ബൃഹദ് പദ്ധതി. ദുബൈ ഫ്യൂച്ചർ മ്യൂസിയം, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ഡി.ഐ.എഫ്.സി, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്നുപോകാൻ കഴിയുന്ന ഇടനാഴികളും രണ്ട് കിലോമീറ്റർ നീളമുള്ള നടപ്പാലവും നിർമിക്കും. ഏത് കാലാവസ്ഥയിലും നടന്നുപോകാൻ കഴിയുംവിധം അന്തരീക്ഷ നിയന്ത്രിത സംവിധാനമുള്ളതായിരിക്കും ഇടനാഴികൾ. ദുബൈയുടെ പഴയക്കാല കാഴ്ചകൾ നടന്നുകാണാൻ സൗകര്യമുള്ള വിധം 15 കിലോമീറ്റർ നടപ്പാതയാണ് അൽ റാസിൽ നിർമിക്കുക. കോർണിഷിനോട് അഭിമുഖമായും ഈ പാത കടന്നുപോകും.
മൂന്ന് ഘട്ടങ്ങളിലായാണ് ദുബൈ വാക്ക് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ അൽബർഷ 2, ഖവാനീജ് 2, മിസ്ഹാർ എന്നിവിടങ്ങളിൽ കാൽനടപ്പാതകൾ ഒരുങ്ങും. പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അൽനഹ്ദ-അൽമംസാർ എന്നിവയെ ബന്ധിപ്പിച്ച് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് കടന്നുപോകാനുള്ള പ്രധാന പാലങ്ങളിലൊന്ന് നിർമിക്കും. മറ്റൊരു പാലം വർഖയെയും മിർദിഫിനെയും ബന്ധിപ്പിച്ച് ട്രിപ്പളി സ്ട്രീറ്റിൽ നിർമാണം പൂർത്തിയാക്കും. ദുബൈ സിലിക്കൺ ഒയാസിസിനെയും ദുബൈ ലാൻഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബൈ അൽഐൻ റോഡിന് കുറുകെയും സജ്ജമാക്കും.
ജലാശയങ്ങൾ കണ്ട് നടക്കാവുന്ന 112 കിലോമീറ്റർ നടപ്പാത, പച്ചപ്പ് കണ്ട് നടക്കാൻ സാധിക്കുന്ന 124 കിലോമീറ്റർ നടവഴി, 150 കിലോമീറ്റർ ഗ്രാമീണ, മലയോര നടപ്പാത എന്നിവയും പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാക്കും. പുതിയ 3,300 നടപ്പാതകൾക്ക് പുറമേ 2040നകം നിലവിലെ 2,300 കിലോമീറ്റർ നടപ്പാത നവീകരിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന 6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യമാണ് ദുബൈ ലക്ഷ്യമിടുന്നത്. 2040ന് ശേഷം 900 കിലോമീറ്റർ നീളത്തിൽ നടപ്പാതകൾകൂടി നിർമിക്കാനും പദ്ധതിയുണ്ട്.
പദ്ധതിക്കൊപ്പം പ്രത്യേക സ്മാർട്ട് ആപ്ലിക്കേഷനും പുറത്തിറക്കും. ആപ്പ് ഉപയോഗിച്ച് കാൽനട റൂട്ടുകൾ, എത്ര ദൂരം നടന്നു തുടങ്ങിയ കാര്യങ്ങൾ ട്രാക്കു ചെയ്ത് ഇൻസെറ്റീവ് പോയിന്റ് നൽകും. ആപ്പ് ഉപഭോക്താക്കൾക്ക് ഈ പോയന്റ് റഡീം ചെയ്യാനും ഇ-വാലറ്റിൽ ക്രഡിറ്റ് ചെയ്യാനും സാധിക്കും. കൂടാതെ പ്രാദേശികമായ ആകർഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ അപ്ഡേറ്റ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.