പുതുമോടിയിൽ ദുബൈയുടെ പഴയ ബലദിയ സ്ട്രീറ്റ്
text_fieldsദുബൈ: നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ദേരയിലെ പഴയ ബലദിയ സ്ട്രീറ്റ് ഇനി പുതുമോടിയിൽ തിളങ്ങും. പരമ്പരാഗത തെരുവിന്റെ നവീകരണം പൂർത്തിയായതോടെ പ്രദേശം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടനാഴിയായി മാറി. പദ്ധതിയുടെ പൂർത്തീകരണം തിങ്കളാഴ്ചയാണ് ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്. അൽറാസ് പ്രദേശം മുതൽ ഗോൾഡ് സൂഖ് വരെ നീളുന്ന തെരുവ് നഗരത്തിന്റെ സമ്പന്നമായ പൈതൃകത്തെ അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് നവീകരിച്ചത്. ദുബൈയുടെ ഹൃദയധമനിയായി അറിയപ്പെടുന്ന ക്രീക്കിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വിവിധ തെരുവുകൾ ഉൾപ്പെടുന്നതാണ് പഴയ ബലദിയ സ്ട്രീറ്റ്.
സ്വർണവിപണിയായ ഗോൾഡ് സൂഖ്, ഈത്തപ്പഴ വൈവിധ്യങ്ങളുടെ കേന്ദ്രമായ ഡേറ്റ്സ് സൂഖ്, സുഗന്ധങ്ങളുടെ തെരുവായ പെർഫ്യൂം സൂഖ്, അൽറാസ് സൂഖ്, സ്പൈസസ് സൂഖ് എന്നിവ ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഇവയെല്ലാം വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന തെരുവുകളാണ്. പുതുതായി കാൽനടക്ക് സജ്ജമാക്കിയ തെരുവിൽ വാഹനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പഴയ ബലദിയ സ്ട്രീറ്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാതകൾ വികസിപ്പിക്കുകയും പുതിയ കവാടം സ്ഥാപിക്കുകയും ചെയ്തു. അതോടൊപ്പം പുതിയ വിളക്കുകൾ സ്ഥാപിച്ച് രാത്രികാല കാഴ്ചയെ മനോഹരമാക്കിയിട്ടുമുണ്ട്. ദുബൈയുടെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കാഴ്ചകളും പുതുതായി ഉൾപ്പെടുത്തി. വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനും മറ്റുമായി തെരുവിൽ ഇരിപ്പിടങ്ങളും പരമ്പരാഗത രീതിയിലുള്ള കുടകളും സ്ഥാപിച്ചു.
ദേരയിലെയും ബർദുബൈയിലെയും ചരിത്രപരമായ പ്രദേശങ്ങളും വിവിധ പൈതൃകസ്ഥലങ്ങളും മാർക്കറ്റുകളും പുനരുജ്ജീവിപ്പിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പഴയ ബലദിയ സ്ട്രീറ്റ് വികസിപ്പിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. എമിറേറ്റിന്റെ വാസ്തുവിദ്യ രീതികൾ പിന്തുടർന്ന് നഗരത്തെ കൂടുതൽ മനോഹരവും ആകർഷകവുമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ മാർക്കറ്റുകൾക്ക് പുതുജീവൻ പകരുന്നതാണ് പദ്ധതിയെന്നും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ രേഖപ്പെടുത്തി. പുതുമയോടെ രൂപകൽപന ചെയ്ത സ്ട്രീറ്റിലേക്ക് കൂടുതൽ വാണിജ്യ നിക്ഷേപകർ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.