ദുബൈ ജനസംഖ്യ 35.5 ലക്ഷം പിന്നിട്ടു
text_fieldsദുബൈ: കോവിഡിനുശേഷം ദുബൈയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുടിയേറുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതോടെ എമിറേറ്റിലെ ആകെ ജനസംഖ്യ 35.5 ലക്ഷം പിന്നിട്ടു. ഏപ്രിലിൽ 35 ലക്ഷം എത്തിയശേഷം അതിവേഗമാണ് അരലക്ഷം പേരുടെ വർധനവുണ്ടായത്. 2020നും 2022 ഏപ്രിലിനും ഇടയിൽ ഒരുലക്ഷം പേരുടെ വർധനവാണുണ്ടായിരുന്നത്. എന്നാൽ, കോവിഡിനുശേഷം കുടിയേറ്റത്തിന്റെ വേഗത വർധിച്ചതാണ് ദുബൈ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ തെളിയിക്കുന്നത്.
2040ഓടെ ജനസംഖ്യ 58 ലക്ഷത്തിൽ എത്തിക്കുക എന്നതാണ് ദുബൈ ഗവൺമെന്റ് ലക്ഷ്യംവെക്കുന്നത്. ഇതിനനുസരിച്ചാണ് നഗരത്തിലെ ഭൗതിക സൗകര്യങ്ങളുടെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. ജനസംഖ്യ വർധിച്ചത് വീടുകൾക്കും സ്കൂളുകൾക്കും നിലവിലുള്ള ആവശ്യം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനസംഖ്യ വർധിച്ചതോടെ പുതിയ സ്കൂളുകളും താമസ കേന്ദ്രങ്ങളും വേണ്ടിവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയ പരമ്പരാഗത കേന്ദ്രങ്ങളിൽനിന്നും റഷ്യയിൽനിന്നും സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും കുടിയേറ്റങ്ങൾ വർധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
വികസന പ്രവർത്തനങ്ങളും യു.എ.ഇ നടപ്പാക്കിയ ഉദാര വിസ നിയമങ്ങളും വളർച്ചക്ക് സഹായകരമായിട്ടുണ്ട്. ദുബൈയിൽ കഴിഞ്ഞ വർഷം പുതുതായി പഠനത്തിന് ചേർന്ന വിദ്യാർഥികളുടെ എണ്ണം മൂന്നുലക്ഷം കഴിഞ്ഞിരുന്നു. ആദ്യമായാണ് എമിറേറ്റിൽ ഇത്രയധികം വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയത്. യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബൈ എമിറേറ്റിലാണ്. 1990ൽ 4.75 ലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്നതിൽനിന്നാണ് ദുബൈയിലെ താമസക്കാരുടെ എണ്ണം അതിദ്രുതം വളർന്നത്. 2000ൽ ഇത് 8.50 ലക്ഷം ആയിരുന്നെങ്കിൽ പത്തുവർഷം കഴിഞ്ഞപ്പോൾ ഇരട്ടിയായി ഉയർന്നു (17 ലക്ഷം). വീണ്ടും പത്ത് വർഷം പിന്നിടുമ്പോൾ ജനസംഖ്യ ഇരിട്ടിച്ചിരിക്കുകയാണ്. ഇതിൽ പത്തുലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.