അടുത്ത 20 വർഷത്തിൽ ദുബൈ ജനസംഖ്യ ഇരട്ടിയാകും
text_fieldsദുബൈ: മഹാമാരിക്കാലത്തിന് ശേഷം ദുബൈയിലേക്ക് കുടിയേറ്റം ശക്തമാകുമെന്നും വരുന്ന 20 വർഷത്തിൽ എമിറേറ്റിലെ ജനസംഖ്യ ഇരട്ടിയോളം വർധിക്കുമെന്നും വിദഗ്ധർ. റഷ്യയിൽനിന്നും സബ് സഹാറൻ ആഫ്രിക്കയിൽനിന്നും വലിയ രീതിയിൽ കുടിയേറ്റമുണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് രാജ്യത്ത് കൂടുതൽ വീടുകളും സ്കൂളുകളും ആവശ്യമാക്കുമെന്നും ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിലെ ജനസംഖ്യവിഭാഗം പുറത്തുവിട്ട പഠനത്തിൽ പറയുന്നു. റെസിഡൻസി വിസ വിവരങ്ങൾ ഉപയോഗിച്ചാണ് സെന്റർ വളർച്ച രേഖപ്പെടുത്തുന്നത്.
ഗൾഫിൽ മൊത്തം 2020ൽ കോവിഡ് മൂലം ജനസംഖ്യയിൽ നാലു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് ദുബൈയിലാണ്. 8.4 ശതമാനത്തിന്റെ ഈ കുറവ് നിലവിൽ എമിറേറ്റ് തിരിച്ചുപിടിച്ചിട്ടുണ്ട്. 2020 ജനുവരിയിലെ ജനസംഖ്യയേക്കാൾ ഒരു ലക്ഷം പേർ കൂടുതൽ ഇപ്പോൾ ദുബൈയിലുണ്ട്. വർധിച്ചുവരുന്ന ജനസംഖ്യ മുന്നിൽകണ്ടാണ് കഴിഞ്ഞ വർഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2040 അർബൻ മാസ്റ്റർ പ്ലാൻ ആരംഭിച്ചത്. 60 ലക്ഷത്തോളം എത്തുന്ന ജനസംഖ്യയെ മുന്നിൽ കണ്ടാണ് പദ്ധതിയിൽ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചത്. 1950കളിൽ ഇന്നത്തെ യു.എ.ഇയുടെ ആകെ ജനസംഖ്യ വെറും 70,000 ആയിരുന്നു. 1800കളുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ അഞ്ചിലൊന്ന് മാത്രമായിരുന്നു ഇത്. മുത്ത്, പവിഴം വ്യാപാരത്തിന്റെ തകർച്ചയാണ് ജനസംഖ്യ കുത്തനെ കുറയാൻ കാരണമായതെന്ന് ചരിത്രത്തിൽ പറയുന്നു. പിന്നീട് എണ്ണയുടെ കണ്ടുപിടുത്തം വൻ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു. സാമ്പത്തികവും സ്ഥാപനപരവുമായ വികാസം ജനസംഖ്യയിലും വർധനവുണ്ടാക്കി. പല മേഖലകളിലേക്കും തൊഴിലാളികളെ ആവശ്യമായി വന്നതാണ് ജനസംഖ്യാവർധനവിന് കാരണമായത്. 1970 ആയപ്പോഴേക്കും രാജ്യത്തെ ജനസംഖ്യ 2,26,000 ആയി ഉയർന്നു. ഇത് അഞ്ച് വർഷത്തിന് ശേഷം അത് 5,60,000 ആയി ഇരട്ടിയായി.
1980കളിൽ ജബൽ അലി തുറമുഖത്തിന്റെ നിർമാണം പോലുള്ള സംരംഭങ്ങളിലൂടെ ജനസംഖ്യ 10 ലക്ഷം പിന്നിട്ട് മുന്നോട്ടുകുതിച്ചു. 1990കളിൽ വീണ്ടും ലക്ഷങ്ങൾ കൂടിയതോടെ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 29 ലക്ഷമായി. പിന്നീട് എണ്ണ സമ്പദ്വ്യവസ്ഥയിൽനിന്ന് കേന്ദ്രീകരണം മാറി. ഇറക്കുമതി-കയറ്റുമതി കേന്ദ്രമായി ദുബൈ അടക്കമുള്ള സ്ഥലങ്ങൾ മാറിത്തീർന്നതോടെ 2015 ആയപ്പോഴേക്കും ജനസംഖ്യ ഒരു കോടി കടന്നു. എന്നാൽ, കോവിഡ് കാലത്ത് ഇതിൽ കുറവ് വന്നു.
നിലവിൽ ദുബൈയിലെ മാത്രം ജനസംഖ്യ 35 ലക്ഷമാണ്. ഇത് 2040ൽ 58 ലക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ അയൽരാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും വലിയരീതിയിൽ വിദേശികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സരം നിലവിലുണ്ടെങ്കിലും യു.എ.ഇയിൽ വരും വർഷങ്ങളിലും ജനസംഖ്യ വർധനവിൽ കുറവുണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.