ദുബൈയിൽ വാടക വർധന റെക്കോഡ് നിരക്കിൽ
text_fieldsദുബൈ: താമസക്കാരുടെ എണ്ണം വർധിക്കുന്നതും പ്രോപ്പർട്ടി സ്വന്തമാക്കാൻ ആവശ്യക്കാരേറിയതും പ്രതിഫലിച്ചതോടെ ദുബൈയിൽ വാടക നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകൾ.
2023 ജനുവരി വരെയുള്ള 12 മാസങ്ങളിൽ ദുബൈയിലെ ശരാശരി വാടക 28.5 ശതമാനം വർധിച്ചതായി റിയൽ എസ്റ്റേറ്റ് സേവന, നിക്ഷേപ കമ്പനിയായ സി.ബി.ആർ.ഇ പുറത്തുവിട്ട കണക്കിൽ വ്യക്തമാകുന്നു. എമിറേറ്റിൽ വാടക നിരക്ക് ഏറ്റവും കൂടുതൽ വർധിച്ച കാലയളവാണിത്. ഈ കാലയളവിൽ ശരാശരി അപ്പാർട്മെന്റ് വാർഷിക വാടക 28.8 ശതമാനം വർധിച്ച് 98,307 ദിർഹമിലും വില്ല വാടക 26.1 ശതമാനം വർധിച്ച് 2.9 ലക്ഷം ദിർഹമിലുമെത്തി. അപ്പാർട്മെന്റുകൾക്കും വില്ലകൾക്കും ഏറ്റവും ഉയർന്ന വാടക നിരക്ക് പാം ജുമൈറയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ ശരാശരി വാർഷിക അപ്പാർട്മെന്റ് വാടക ദിർഹം 2.58 ലക്ഷവും വില്ല വാടക 10.32 ലക്ഷവുമാണ്. അതേസമയം, നിരക്ക് ഏറ്റവും ഉയർന്ന നിരക്കിലായതോടെ ചില ഭാഗങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടെന്നും സി.ബി.ആർ.ഇ ഗവേഷണ വിഭാഗം തലവൻ തൈമൂർ ഖാൻ പറഞ്ഞു.
മാർക്കറ്റ് സ്നാപ്ഷോട്ട് അനുസരിച്ച്, ദുബൈ ഇന്റർനാഷനൽ സിറ്റിയിൽ പ്രതിവർഷം 30,000 ദിർഹമിൽ താഴെ വിലക്ക് അപ്പാർട്മെൻറ് ലഭിക്കുന്നുണ്ട്. ഏറ്റവും താങ്ങാവുന്ന വാടകക്ക് അപാർട്മെന്റ് ലഭിക്കുന്ന അടുത്ത പ്രദേശം ദുബൈ ലാൻഡ് റസിഡൻറ്സ് കോംപ്ലക്സാണ്. ഇവിടെ ശരാശരി വാടക 41,700 ദിർഹമാണ്. ദുബൈയിലെ മിക്ക പ്രദേശങ്ങളിലും പ്രോപ്പർട്ടി വിൽപനയും വാടകക്ക് വാങ്ങുന്നതും ഓരോ മാസവും വർധിച്ചുവരുകയാണ്. ജനുവരി മാസത്തിൽ മൊത്തം 9229 ഇടപാടുകളാണ് നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 69.2 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. 2023 ജനുവരി വരെയുള്ള ഒരു വർഷം, ശരാശരി താമസസ്ഥലങ്ങളുടെ വില 10.6 ശതമാനം വർധിച്ചിട്ടുണ്ട്. അപ്പാർട്മെന്റുകളുടെ ശരാശരി വില 10.3 ശതമാനവും വില്ലകളുടെ വില 12.9 ശതമാനവുമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.