നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സംഭാവന ചെയ്യാം
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിർധന വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ സംഭാവന ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ സർക്കാർ.
ഡൊണേറ്റ് യുവർ ഓൺ ഡിവൈസ് എന്ന പേരിൽ പ്രഖ്യാപിച്ച കാമ്പയിനിലാണ് മൊബൈൽ ഫോണും ലാപ്ടോപ്പും ടാബും അടക്കമുള്ള ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് സംഭാവന ചെയ്യാനുള്ള അവസരമൊരുക്കുന്നത്. ആദ്യഘട്ടത്തിൽ പതിനായിരം ഉപകരണങ്ങൾ ശേഖരിക്കാനാണ് ദുബൈ ഡിജിറ്റൽ സ്കൂളിന്റെ പദ്ധതി. ഉപയോഗിക്കാത്ത ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ പദ്ധതിയിലൂടെ സംഭാവനയായി നൽകാം.
എമിറേറ്റ്സ് റെഡ് ക്രസന്റും ഇസിക്ലക്സും ഈ ഉപകരണങ്ങൾ ശേഖരിക്കും. ഉപയോഗിച്ചതോ കേടുവന്നതോ ആയ ഉപകരണങ്ങളും പദ്ധതിയിലേക്ക് സ്വീകരിക്കും. കമ്പ്യൂട്ടർ, ലാപ്ടോപ്, ടാബ് ലറ്റ്, മൊബൈൽ ഫോൺ, റൗട്ടറുകൾ, പ്രിന്ററുകൾ, ഹെഡ്ഫോൺ, പവർ ബാങ്ക് എന്നിവയെല്ലാം സംഭാവന ചെയ്യാം. ഇവ കേടുപാടുകൾ പരിഹരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാവപ്പെട്ടവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം എത്തിക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റിവ് നടപ്പാക്കുന്ന പദ്ധതിയാണ് ദി ഡിജിറ്റൽ സ്കൂൾ. https://www.donateyourowndevice.org/ എന്ന വെബ്സൈറ്റിലൂടെയോ റെഡ് ക്രസന്റ്, യു.എ.ഇയിലെ മൊബൈൽ കമ്പനികളുടെ എസ്.എം.എസ് സംവിധാനം എന്നിവ വഴി പദ്ധതിയിലേക്ക് ഉപകരണങ്ങളോ സംഭാവനകളോ നൽകാം.
ലോകത്തിന്റെ ഒരു ഭാഗത്ത് ഇ-വേസ്റ്റുകൾ കുന്നുകൂടുമ്പോൾ മറ്റൊരു ഭാഗത്ത് ഇത്തരം ഉപകരണങ്ങൾ പലർക്കും കിട്ടാക്കനിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലോകത്തെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട വിദ്യാർഥികൾക്കും അഭയാർഥികൾക്കും വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് 2022ൽ ആണ് ഡിജിറ്റൽ സ്കൂൾ പദ്ധതി യു.എ.ഇയിൽ അവതരിപ്പിക്കുന്നത്. പദ്ധതി വഴി വിവിധ രാജ്യങ്ങളിലെ നിർധനരായ 60,000 വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസം ലഭിച്ചത്. 15,00 ഡിജിറ്റൽ അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.