ആറു മാസത്തിനിടെ സകാത്തായി നൽകിയത് 9.87 കോടി ദിർഹം
text_fieldsദുബൈ: ഈ വർഷത്തെ ആദ്യ പകുതിയിൽ യു.എ.ഇ ഭരണത്തിന് കീഴിലുള്ള സകാത്ത് ഫണ്ടിൽ നിന്ന് ചെലവഴിച്ചത് 9.87 കോടി ദിർഹം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം അധികമാണിത്. 21 പദ്ധതികളിലായി സഹായത്തിന് അർഹരായ 6,150 കുടുംബങ്ങൾക്കാണ് സകാത്ത് വിതരണം ചെയ്തതെന്ന് സകാത്ത് റിസോഴ്സസ് ഡിപാർട്ട്മെന്റ് ആൻഡ് മീഡിയ ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ സൽമാൻ അൽ ഹമദി പറഞ്ഞു. സകാത്ത് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസത്തിനിടെ 103 യോഗങ്ങളാണ് സമിതി ചേർന്നത്.
‘ പൗരൻ, പൗരല്ലാത്തയാളുടെ ഭാര്യ ’ പദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ സകാത്ത് ഫണ്ട് ചെലവിട്ടത്. ഈ ഇനത്തിൽ 444 കുടുംബങ്ങൾക്കായി 2.17 കോടി ദിർഹം വിതരണം ചെയ്യാനായി. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘ഇരട്ട വരുമാനം’ പദ്ധതി വഴി 789 കുടുംബങ്ങൾക്ക് 1.23 കോടി ദിർഹം വിതരണം ചെയ്തു. വിവാഹമോചിതരായ സ്ത്രീകൾക്ക് ‘ആശ്രയം’ എന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കളായ 361 കുടുംബങ്ങളിലേക്ക് 1.21 കോടി ദിർഹമിന്‍റെ സഹായം എത്തിക്കാനായതായി അദ്ദേഹം അറിയിച്ചു.
അതിനുശേഷം ബാക്കിയുള്ള പദ്ധതികളിലെ ഗുണഭോക്താക്കൾക്കും സകാത്ത് ഫണ്ടിൽ നിന്ന് തുക വിതരണം ചെയ്തിട്ടുണ്ട്. സകാത്ത് നൽകുന്നതിനുള്ള ആദ്യ കേന്ദ്രമായി സകാത്ത് ഫണ്ട് തിരഞ്ഞെടുത്തതിന് ഉപഭോക്താക്കൾക്കും അത് സ്വീകരിച്ച ഗുണഭോക്താക്കൾക്കും ഡോ. അബ്ദുർറഹ്മാൻ അൽ ഹമദി നന്ദി പറഞ്ഞു.
സകാത്ത് ഫണ്ട് ഫെഡറൽ സർക്കാർ സംവിധാനമാണെന്നും വിശുദ്ധ ഖുർആനിൽ പരാമർശിച്ച ശരീഅത്ത് ബാങ്കുകളുടെ നിർദേശങ്ങൾക്കും അംഗീകാരത്തിനും അനുസൃതമായി സുതാര്യമായ രീതിയിലാണ് സകാത്ത് വിതരണം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.