ഫുട്ബാൾ ലോകകപ്പിന്‍റെ ആവേശനാളുകളിൽ കായികം മുഖ്യപ്രമേയമായി ദുബൈയിൽ ഉച്ചകോടി
text_fieldsദുബൈ: ഫുട്ബാൾ ലോകകപ്പിന്‍റെ ആവേശം ഉൾക്കൊണ്ട് കായികവും ബിസിനസ് വളർച്ചയും മുഖ്യപ്രമേയമാക്കി ലോക കോർപറേറ്റ് ഉച്ചകോടിക്ക് ദുബൈ ആതിഥ്യമരുളുന്നു. ദുബൈയിലെ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ബഹുരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കും. നവംബർ 16 മുതൽ ഡിസംബർ 21 വരെ ഡൗൺടൗൺ ദുബൈയിലെ പാലസ് ഹോട്ടലിലാണ് ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്കുമാത്രം പ്രവേശനമുള്ള ഉച്ചകോടി നടക്കുന്നത്.
'ദുബൈ എക്സ്പോയും ഖത്തർ ലോകകപ്പും പോലുള്ള മെഗാ ഇവന്‍റുകൾക്ക് ആതിഥ്യമരുളാനുള്ള അവസരം ഗൾഫ് മേഖലക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള സാധ്യതകൾ മാത്രമല്ല തുറന്നുനൽകുന്നത്. ആഗോള സമ്പദ്വ്യവസ്ഥക്ക് അനുകൂലമായ മാറ്റങ്ങൾ സാധ്യമാകുന്ന ആശയങ്ങൾ പങ്കുവെക്കുന്നതിന് ലോകത്തെ ബിസിനസ് നേതാക്കൾക്ക് ആതിഥ്യമരുളാനുള്ള അവസരം കൂടിയാണത്.
ബിസിനസ് വികസനത്തിനും ആഡംബര ജീവിതത്തിനുമുള്ള ലക്ഷ്യകേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ഇനിയുമുയർത്തുന്നതിന് ലോക കോർപറേറ്റ് ഉച്ചകോടി പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.' -ദുബൈ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൻ എസ്റ്റാബ്ലിഷ്മെന്‍റ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അൽ ഖാജ പറഞ്ഞു.
ബിസിനസ് പദ്ധതികളും നൂതന ആശയങ്ങളും പങ്കുവെക്കാൻ പ്രത്യേകം പ്രത്യേകം വേദികൾ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽ, നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ്, ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷന്‍റെ മിഡിലീസ്റ്റ് ഡയറക്ടർ ഖ്വാജ അഫ്താബ് അഹമ്മദ്, സ്പെയിനിലെ ലാലിഗ പ്രസിഡന്‍റ് ജാവിയർ തെബാസ് തുടങ്ങിയവരടക്കമുള്ള പ്രമുഖരാണ് ഉച്ചകോടിയിൽ സംസാരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.