പൊടിക്കാറ്റ് ശക്തം; വായുവിന്റെ ഗുണനിലവാരം കുറഞ്ഞു
text_fieldsഅബൂദബിയിലെ അൽ റീം ദ്വീപിൽ ശനിയാഴ്ച പൊടിക്കാറ്റ് വീശിയപ്പോൾ
ദുബൈ: യു.എ.ഇയിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച പൊടിക്കാറ്റ് വീശിയത് അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം കുറച്ചു. കിഴക്ക് നിന്ന് മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. തുടർന്ന് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ശുദ്ധവായുവിന്റെ ഗുണനിലവാരം താഴേക്ക് പോവുകയായിരുന്നു. ദുബൈ നഗരത്തിലാണ് വായുഗുണനിലവാരം ഏറ്റവും മോശമായത്.
വായു ഗുണനിലവാരത്തിന്റെ ആഗോള സൂചികയായ ഐ.ക്യൂ എയർ ഇൻഡക്സ് പ്രകാരം ദുബൈയിലെ ചില ഭാഗങ്ങളിൽ വായുവിന്റെ ഗുണനിലവാരം ശനിയാഴ്ച ഉച്ചയോടെ അപകടകരമായ നിലയിലെത്തി. ദുബൈ ഇൻഡസ്ട്രിയൽ പാർക്കിന്റെ പരിസരങ്ങളിലാണ് ഏറ്റവും കൂടുതൽ വായു മലിനമായത്. വായുഗുണനിലവാര സൂചികയിൽ 931 ആണ് ഇവിടത്തെ റേറ്റിങ് രേഖപ്പെടുത്തിയത്. ജബൽ അലി വില്ലേജിൽ ഇത് 881 ആയിരുന്നു.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞത് ഡ്രൈവർമാരുടെ ദൃശ്യപരത കുറക്കാനും ഇടയാക്കി. ശ്വാസകോശ രോഗികൾക്കും പ്രയാസം സൃഷ്ടിച്ചു. ശനിയാഴ്ച അബൂദബിയിലും ദുബൈയിലും അന്തരീക്ഷ താപനില 45 ഡിഗ്രി ആയി ഉയരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ഞായറാഴ്ച തീരദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. കാറ്റിന് നേരിയ തണുപ്പും അനുഭവപ്പെടും. അടുത്ത ആഴ്ച മുതൽ രാജ്യത്തുടനീളം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും. തീരദേശങ്ങളിൽ താപനില 46 ഡിഗ്രിയായി ഉയരാനും സാധ്യതയുണ്ട്. 80 ശതമാനം ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.